ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീട്ടി ഡല്‍ഹി, യുപി സര്‍ക്കാരുകള്‍. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മെയ് 17 രാവിലെ 5 മണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മെയ് 17 വരെ നീട്ടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും തീരുമാനിച്ചു. 

കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ കുറഞ്ഞുവെന്ന് പറഞ്ഞ കെജ്രിവാള്‍ ജാഗ്രത ഉറപ്പാക്കുന്നത് വരെ ലോക്ഡൗണ്‍ തുടരണമെന്നും പറഞ്ഞു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ലോക്ഡൗണ്‍ കാലയളവ് സംസ്ഥാനം ഉപയോഗപ്പെടുത്തണം. ഡല്‍ഹിയിലെ പ്രധാന പ്രശ്നം ഓക്സിജന്‍ ക്ഷാമമായിരുന്നുവെന്നും കേന്ദ്രത്തിന്റെ സഹായത്തോടെ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍ മധ്യത്തില്‍ 35 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും നിലവിലെ നിരക്ക് വളരെ ഉയര്‍ന്നതാണെന്നും രോഗവ്യാപനം തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ഏപ്രില്‍ 19 മുതലാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഒരു തവണ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. നിലവിലെ ലോക്ക്ഡൗണ്‍ മെയ് 10ന് അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്. മെട്രോ സര്‍വീസുകള്‍ അടക്കം ഈ ഘട്ടത്തില്‍ നിര്‍ത്തിവെയ്ക്കും. 

അതിനിടെ, ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക കര്‍ഫ്യൂ മേയ് 17 വരെ നീട്ടിയതായി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ അറിയിച്ചു. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കര്‍ഫ്യൂവാണ് നിട്ടിയത്. ഏപ്രില്‍ 29നാണ് യുപിയില്‍ വാരാന്ത്യ ലോക്ഡൗണും കര്‍ഫ്യൂവും പ്രഖ്യാപിച്ചത്.

Content Highlights: Lockdown in Delhi Extended Till May 17, Metro Services to be Suspended