Photo: ANI
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി. കൊല്‍ക്കത്ത മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാവിലെ പത്ത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂവെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി കുറച്ചു. മറ്റെല്ലാം വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. അതേസമയം, തേയില തോട്ടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് ജോലി ചെയ്യാം.
ആളുകള്‍ കൂട്ടം കൂടുന്ന സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകളും ചടങ്ങുകളും നടത്തുന്നതിന് വിലക്കുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകള്‍ നടത്താം. അമ്പതില്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ബംഗാളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 പേര് മരണപ്പെടുകയും ചെയ്തു.
Content Highlights: Lockdown In Bengal For 2 Weeks From Tomorrow, Essential Services Allowed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..