ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞിട്ടും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍. ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 18-44 പ്രായപരിധിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡല്‍ഹിയില്‍ നിര്‍ത്തിവെച്ചെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നഗരവാസികള്‍ക്കുമുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ 30 മാസമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തിനുള്ളില്‍ നഗരവാസികള്‍ക്കെല്ലാം കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം.

നമ്മുടെ യുവാക്കള്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തേണ്ടി വന്നിരിക്കുന്നു. യുവാക്കള്‍ക്കായി കേന്ദ്രം നല്‍കിയ വാക്‌സിന്‍ തീര്‍ന്നു. ഇതോടെ, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടി വന്നു. ഏതാനും ഡോസുകള്‍ ബാക്കിയുണ്ട്. അവ വൈകീട്ടോടെ തീരും. വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നതില്‍ ഏറെ ദുഃഖിക്കുന്നു. കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്‌സിന്‍ ചോദിച്ചിരുന്നു. അതുലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ പുനരാരംഭിക്കും. - മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ മാസവും 80 ലക്ഷം വാക്‌സിന്‍ ഡല്‍ഹിക്കുവേണം. ഈ സ്ഥാനത്ത് 16 ലക്ഷം വാക്‌സിനേ ലഭിച്ചിട്ടുള്ളൂ. ജൂണില്‍ ഡല്‍ഹിക്കായി എട്ടുലക്ഷം വാക്‌സിനേ വകയിരുത്തിയിട്ടുള്ളൂ. ഇതുവരെ അമ്പതുലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഡല്‍ഹിയിലെ മുതിര്‍ന്നവര്‍ക്കെല്ലാം നല്‍കാന്‍ രണ്ടരക്കോടി വാക്‌സിന്‍ വേണം. ഇപ്പോഴത്തെ നിലയില്‍ എട്ടുലക്ഷം വാക്‌സിനേ നല്‍കൂവെങ്കില്‍ ഡല്‍ഹിനിവാസികള്‍ക്കെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെടുക്കും. ഇതിനിടയില്‍ എത്ര കോവിഡ് തരംഗങ്ങള്‍ വന്നുപോവുമെന്നോ എത്രത്തോളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.