ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍.

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓർബിറ്റർ അതിന്റെ 'തെർമൽ ഇമേജ്' പകർത്തിയതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം ഇതുവരെ സാധ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോളാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.

content highlights: location of vikram lander identified says isro chief k sivan