പലാമു (ഝാര്‍ഖണ്ഡ്): നദിയിലെ മലവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായി രക്ഷിക്കുന്ന വീഡിയോ പുറത്ത്. വിവാഹദിവസം വധുവിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന വധൂവരന്‍മാരും ബന്ധുക്കളും സഞ്ചരിച്ച കാറാണ് കുത്തൊഴുക്കില്‍ പുഴയില്‍ മുങ്ങിയത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്നു കല്യാണസംഘം. കുത്തൊഴുക്കില്‍ പെട്ട് പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അര കിലോമീറ്ററോളം ദൂരം കാര്‍ നദിയിലൂടെ ഒഴുകിനീങ്ങി.

പാതി മുങ്ങിയ നിലയില്‍ കാര്‍ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ നദിയില്‍ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കാറിന്റെ ചില്ല് തകര്‍ത്ത് വധൂവരന്‍മാരെ പുറത്തെത്തിച്ചു. വടം കെട്ടി ഇവരെയും ബന്ധുക്കളെയും സാഹസികമായി കരയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Content Highlights: Locals Jump Into River To Save Newlywed Couple In A Half-Sunk Car