ചിരാഗ് പാസ്വാൻ |ഫോട്ടോ:ANI
ന്യൂഡല്‍ഹി:നാടകീയ നീക്കങ്ങളാണ് ചിരാഗ് പാസ്വാനെ ഒതുക്കാന്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ നടന്നത്. പാര്‍ട്ടിയുടെ ആകെയുള്ള ആറ് എംപിമാരില്‍ അഞ്ചു പേര് ചേര്‍ന്ന് പശുപതി കുമാര്‍ പരാസിനെ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
പശുപതി കുമാര്‍ പരസിനെ ചിരാഗ് പാസ്വാന് പരസ്യമായി തള്ളി പറഞ്ഞതിലൂടെ എല്‍ജെപിയിലെ പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി പുറത്തുവന്നത്.
എല്‍ജെപി സ്ഥാപകനും ചിരാഗ് പാസ്വാന്റെ പിിതാവുമായ രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനാണ് പശുപതി കുമാര്‍ പരാസ്. രാംവിലാസ് പാസ്വാന്റെ നിര്യാണത്തെ തുടര്‍ന്ന് ചിരാഗ് പാര്‍ട്ടിയുടെ തലപ്പെത്തെത്തിയത് മുതല്‍ ഇരുവരും തമ്മിലുള്ള അധികാര തര്‍ക്കം രൂപപ്പെട്ടിരുന്നു.
ഒക്ടോബര്‍ എട്ടിന് രാംവിലാസ് പാസ്വാന് മരിച്ച് നാല് ദിവസത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ചുകൊണ്ട് പരാസ് നടത്തിയ അഭിപ്രായ പ്രകടനം ചിരാഗിനെ പ്രകോപിപ്പിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇത്.
പരാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയ ചിരാഗ് 'നിങ്ങള്‍ എന്റെ രക്തമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു'. നിങ്ങളുടെ അച്ഛന്റെ സഹോദരന് നിങ്ങള്‍ക്ക് ഇന്നുമുതല്‍ മരിച്ചുവെന്ന് പരാസ് ഇതിന് മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ അകല്‍ച്ചയിലായി. പരസ്പരം മിണ്ടാതെയുമായി.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായി ഉള്ള വ്യക്തിഗത പ്രശ്നത്തിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തിന് പുറത്ത് നിന്ന് മത്സരിക്കാനുള്ള ചിരാഗിന്റെ തീരുമാനം പരാസ് അംഗീകിരിച്ചിരുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തിലും പശുപതി കുമാര്‍ പരാസ് വിട്ടുനിന്നു.
ചില മണ്ഡലങ്ങളില്‍ ജെഡിയു സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കേണ്ട വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി എന്നതൊഴിച്ചാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒരു നേട്ടവും എല്‍ജെപിക്ക് ഉണ്ടാക്കാനായിരുന്നില്ല. 243 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രം.
ചിരാഗ് പാസ്വാന്റെ ധാര്‍ഷ്ട്യം പാര്‍ട്ടിയെ പടുകുഴിയിലെത്തിച്ചെന്ന് നേതാക്കള്‍ അടക്കം പറഞ്ഞു. രാംവിലാസ് പാസ്വാന്റെ പ്രവര്‍ത്തന രീതികളോട് അടുത്ത് നില്‍ക്കുന്നത് പശുപതി കുമാര്‍ പരാസാണെന്നും നേതാക്കള്‍ തുറന്നടിച്ചു.
ഹാജിപുരില്‍ നിന്ന് ആദ്യമായി എംപിയായ പരാസിന് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്ന ബിജെപിയുടെ വാഗ്ദ്ധാനം കൂടി ലഭിച്ചതോടെ എല്‍ജെപിയില്‍ പ്രതിസന്ധി രൂക്ഷമായി.
അതേ സമയം എല്‍ജെപിയിലെ പിളിര്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിതീഷ് കുമാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ജെപി എംപിമാരുമായി നിതീഷിന്റെ അടുത്ത അനുയായി ലാലന് സിങ് ഡല്‍ഹില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.
പശുപതി കുമാര്‍ പരാസ് വഴി മാത്രമല്ല ചിരാഗിന്റെ കുടുംബത്തില്‍ നിന്നുള്ള അടിയേറ്റത്. രാംവിലാസ് പാസ്വാന്റെ മറ്റൊരു സഹോദരന്റെ മകന് പ്രിന്‍സ് രാജ് പാസ്വാന് വിമത എംപിമാരില്‍ ഒരാളാണ്.
പിതാവ് മരിച്ച് ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പേ അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ ഭീഷണിയിലാണ് ചിരാഗ് പാസ്വാന് എന്നതാണ് ശ്രദ്ധേയം.
ബിഹാറില്‍ സഖ്യത്തിന് പുറത്ത് മത്സരിച്ചെങ്കിലും എന്‍ഡിഎ വിട്ടിരുന്നില്ല എല്‍ജെപി. അതേ സമയം തന്നെ പുതിയ പിളര്‍പ്പില്‍ ബിജെപിയും ചിരാഗിനെ കൈവിട്ടി മട്ടാണ്.
പ്രവര്‍ത്തകരേയും നേതാക്കളേയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായ തീരുമാനമെടുത്തതാണ് ചിരാഗിന് തിരിച്ചടിയായതെന്നാണ് ബിജെപി വക്താവ് പ്രേം രഞ്ജന്‍ പട്ടേല്‍ പ്രതികരിച്ചത്. വിതയ്ക്കുന്നതാണ് കൊയ്യുക എന്ന ചൊല്ലാണ് ജെഡിയു നേതാവ് ആര്‍സിപി സിങ് പ്രതിരിച്ചത്.
ഇതിനിടെ പരാസ് മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെ ചിരാഗ് പാസ്വാന് ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. കാറില്‍ ഏറെ നേരം കാത്തിരുന്ന ശേഷം വീടിനുള്ളില്‍ പ്രവേശിച്ചു. എന്നാല്‍ പരാസ് അവിടെ ഉണ്ടായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..