താന്‍ പറയുന്നതൊക്കെ ഒരു മടിയുമില്ലാതെ കേട്ടിരിക്കുന്ന കൂട്ടുകാരെ, തന്റെ ഓമനപ്പക്ഷികളെ ഒരു ദിവസം തന്റെ അടുത്ത് നിന്ന് ദൂരേയ്ക്ക് കൊണ്ടു പോകുന്നതിന്റെ പ്രതിഷേധം ഏങ്ങലടികളിലൂടെയാണ് ആ കുരുന്ന് പ്രകടമാക്കുന്നത്. നിഷ്‌കളങ്കമായ കുട്ടിക്കാലത്തിന് സഹജീവികള്‍ക്കും ജീവനുണ്ട് എന്ന കാര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരു വട്ടം കൂടി നമ്മെ ഓര്‍മിപ്പിക്കുകയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഒരു ആറ് വയസുകാരന്റെ വീഡിയോ. 

സിക്കിമിലെ മെല്ലിയില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ തന്റെ വീട്ടിലെ കോഴികളെ കൊണ്ടു പോയി കൊന്ന് കറിവെക്കരുതെന്നാണ് കോഴികളെ കയറ്റിയ വണ്ടിയ്ക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ കണ്ണീരോടെയുള്ള  അപേക്ഷ. വണ്ടിയിലെ കൂട്ടിലടച്ച കോഴികളെ കൊണ്ടുപോകുന്നത് കൊല്ലാനാണെന്ന് അവന് നല്ല നിശ്ചയമുണ്ട്. അടുത്ത് നില്‍ക്കുന്ന അച്ഛന്റെ ആശ്വാസവാക്കുകളില്‍ തെല്ലിട നിര്‍ത്തിയും പിന്നെയും തുടര്‍ന്നുമാണ് അവന്റെ സങ്കടം പറച്ചില്‍.

വാഹനത്തിന് സമീപം അങ്ങോട്ടുമിങ്ങോട്ടും നടന്നും നിലത്തിരിന്നും അവന്‍ പരിഭവം തുടരുകയാണ്. ഇടയ്ക്ക് ഒരു കോഴിയെ ചൂണ്ടിക്കാട്ടി അതിനെ പ്രത്യേകം ശ്രദ്ധിക്കണേയെന്ന മട്ടില്‍ എന്തൊക്കെയോ പറയുകയാണ് അവന്‍. പുതിയ കോഴികളെ വാങ്ങി നല്‍കാമെന്ന അച്ഛന്റെ വാഗ്ദാനത്തില്‍ ഇടയ്‌ക്കൊന്ന് കരച്ചില്‍ നിര്‍ത്തുന്നുണ്ടെങ്കിലും തന്റെ കോഴികള്‍ കൊല്ലപ്പെടുമെന്ന ചിന്ത അലട്ടുന്ന മട്ടിലാണ് അവന്റെ പെരുമാറ്റം. 

കുഞ്ഞിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്. അവന്റെ നിഷ്‌കളങ്കമായ നല്ല മനസിനെ പ്രകീര്‍ത്തിച്ചവര്‍ അനവധിയാണ്. ഹൃദയസ്പര്‍ശിയായ വീഡിയോയെന്ന് ഒരാള്‍ കമന്റെ ചെയ്തപ്പോള്‍ വളര്‍ന്ന് വലുതാകുമ്പോഴും അവന്റെ മനസ്സില്‍ സഹജീവികളോടുള്ള അനുതാപം ഉണ്ടായിരിക്കട്ടെയെന്ന് മറ്റൊരാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാ ജീവികളേയും സ്‌നേഹിക്കണമെന്ന പാഠം കുട്ടികളില്‍ നിന്ന് മുതിര്‍ന്നവര്‍ പഠിക്കണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അതില്‍ നിന്ന് ഒരു കോഴിയെയെങ്കിലും മടക്കി നല്‍കിയിരുന്നെങ്കില്‍ അവന്റെ അളവറ്റ സന്തോഷം കാണാമായിരുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചു.  

 

Content Highlights:  Little Boy Breaks Down After Chickens He Raised Taken Away , Viral Video