Representative Image | Photo: ANI
ശ്രീനഗർ: വൈദ്യുതവാഹന രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കശ്മീരിൽ നിന്ന് കണ്ടെത്തിയത്.
ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യൻ മൈൻസ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വർണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറുകയും ചെയ്തു. 51 എണ്ണത്തിൽ 5 ബ്ലോക്കുകൾ സ്വർണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ. ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ്
വിവിധ ലോഹ - ധാതു ശേഖരങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇ.വി. ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുത വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്. വൻതോതിലുള്ള ഉപയോഗം ഈ മേഖലകളിൽ നിലവിലുള്ളതുകൊണ്ട് തന്നെ ഈ കണ്ടെത്തലോടെ രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും.
രാജ്യം സ്വയംപര്യാപ്തമാകാൻ ഏറ്റവും പ്രധാനപ്പെട്ടത് ധാതുശേഖരം കണ്ടെത്തേണ്ടതുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്നും ഭരധ്വാജ്, 62-ാം സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡ് മീറ്റിങ്ങിൽ വെച്ച് പറഞ്ഞു.
Content Highlights: Lithium Reserves Found In Jammu And Kashmir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..