ദിസ്പുർ: ലോക്ക് ഡൗണ്‍ തുടരുന്നതിനിടയില്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രഖ്യാപനം നടത്തി അസ്സമും മേഘാലയയും. തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചത്.

മൊത്തകച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്‌ലിങ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ അസമില്‍ തുറന്നു പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്കൂറായിരിക്കും പ്രവര്‍ത്തിക്കുക.

മേഘാലയയില്‍ മദ്യവില്‍പന കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളും പകല്‍ 9 മണി മുതല്‍ നാല് വരെ പ്രവര്‍ത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രവര്‍ത്തനം എന്നാണ് അധികൃതര്‍ അറിയിച്ചത്.

" അനുവദിച്ച ദിവസങ്ങളില്‍ മദ്യശാലകള്‍ 10 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കും. ഏറ്റവും കുറഞ്ഞ ജീവനക്കാരെ വെച്ചായിരിക്കും കടകള്‍ പ്രവര്‍ത്തിപ്പിക്കുക" , അസം എക്‌സൈസ് വകുപ്പ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മദ്യശാലകള്‍ തുറക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരുകള്‍ നേരിടുന്നത്. ബിജെപിയും മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് പാര്‍ട്ടിയും ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടക്കുന്നതിനെ എതിര്‍ത്തിരുന്നു. ഒറ്റ കോവിഡ് കേസുകളും മേഘാലയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അസമും മേഘാലയയും ചെയ്ത പോലെ മദ്യവില്‍പനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ആവശ്യപ്പെട്ടിട്ടുണ്ട്.

അസമില്‍ ഇതുവരെ 29 പേര്‍ക്കാണ്‌ കൊറോണ സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.

content highlights: Liquor Shops Reopen In Assam, Meghalaya today