പ്രതിഭാ സിങ്ങ്, സുഖ്‌വീന്ദർ സിങ്ങ് സുഖു | Photo: ANI
ഷിംല: വിദ്യാര്‍ഥി സംഘടനാ കാലഘട്ടം മുതല്‍ കോണ്‍ഗ്രസിനൊപ്പം. നാല് തവണ എം.എല്‍.എ. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം. വീരഭദ്രസിങ്ങിന്റെ അഭാവത്തില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയകാന്‍ സുഖ്‌വീന്ദര്‍ സിങിനെ ഹൈക്കമാന്‍ഡും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളും ഒരുപോലെ നിയോഗിച്ചതില്‍ കാരണങ്ങള്‍ അനവധിയാണ്. സംസ്ഥാനത്ത് പാര്‍ട്ടി കെട്ടിപ്പടുത്തുന്നുവെന്ന് വിശ്വസിക്കുന്ന വീരഭദ്രസിങുമായി നിരന്തരം കലഹിച്ച ചരിത്രവും സുഖ്‌വിന്ദറിനുണ്ട്.
മണ്ഡിയില്‍ നിന്നും ലോക്‌സഭാ എം.പിയായ വീരഭദ്രസിങ്ങിന്റെ ഭാര്യയും പി.സി.സി. അധ്യക്ഷയുമായ പ്രതിഭാ സിങ് അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ലോക്‌സഭയിലേക്കും ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്കും ഓരോ ഉപതിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസിന് അഭിമുഖീകരിക്കണമായിരുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെയും വീരഭദ്രസിങ് എന്ന പേരുയര്‍ത്തി മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രതിഭാ സിങ് അവകാശവാദം ഉന്നയിച്ചത്, സുഖ്‌വിന്ദറിന് ആ സ്ഥാനം ലഭിക്കാതിരിക്കാനാണെന്നും കരുതപ്പെടുന്നുണ്ട്. വീരഭദ്രസിങ്ങിനോട് നിരന്തരം പോരടിച്ചിരുന്ന നേതാവാണ് സുഖ്‌വീന്ദര്‍ എന്ന് ഹൈക്കാന്‍ഡിനെ ഓര്‍മ്മിപ്പിക്കുക കൂടിയായിരുന്ന പ്രതിഭാ സിങ്.
എന്നാല്‍, 40 അംഗ നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം പേരും സുഖ്‌വീന്ദറിനൊപ്പമായിരുന്നു. ഒരോ എം.എല്‍.എമാരേയും നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണ് ഹൈക്കമാന്‍ഡും സുഖ്‌വീന്ദറിനൊപ്പമെന്ന നിലപാട് എടുക്കുന്നത്. എന്‍.എസ്.യു. സംസ്ഥാന അധ്യക്ഷസ്ഥാനം മുതല്‍ പി.സി.സി. അധ്യക്ഷസ്ഥാനം വരെ വഹിച്ച മുതിര്‍ന്ന നേതാവെന്ന പരിഗണനയും സുഖ്‌വീന്ദറിന് ലഭിച്ചു. 2013 മുതല്‍ 2019 വരെ നീണ്ടകാലം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു സുഖ്‌വീന്ദര്‍ സിങ് സുഖു.
ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റേയു അദ്ദേഹത്തിന്റെ പിതാവിന്റേയും തട്ടകമായ ഹമിര്‍പുരില്‍ അഞ്ചില്‍ നാല് സീറ്റും നേടിയെടുക്കുന്നതില്‍ സുഖ്‌വിന്ദറിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഇവിടെ അഞ്ചാമത്തെ സീറ്റ് നേടിയത് കോണ്‍ഗ്രസ് വിമതനാണെന്നതും ശ്രദ്ധേയമാണ്. അനുരാഗ് ഠാക്കൂറിന്റെ പിതാവ് പ്രേംകുമാര്‍ ധൂമിലന് ശേഷം ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് സുഖ്‌വീന്ദര്‍. ഹിമാചല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഫയര്‍ബ്രാന്‍ഡ് എന്നാണ് അഭിഭാഷകന്‍ കൂടിയായ സുഖ്‌വീന്ദറിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്നു സുഖ്‌വിന്റെ പിതാവ്. പഠനകാലത്ത് ഛോട്ടാ ഷിംലയില്‍ പാല്‍ വില്‍പ്പന കൗണ്ടര്‍ നടത്തിയ പഴയകാല കഥയും സുഖ്‌വീന്ദറിന് പറയാനുണ്ട്.
ഠാക്കൂര്‍ സമുദായത്തില്‍ നിന്നുള്ള സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കുമ്പോള്‍, ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കി ജാതി രാഷ്ട്രീയത്തിന്റെ സന്തുലിതാവസ്ഥ കോണ്‍ഗ്രസ് ഉറപ്പുവരുത്തുന്നു. നദൗനില്‍ നിന്നുള്ള എം.എല്‍.എയായ സുഖ്‌വീന്ദര്‍ സംസ്ഥാനത്തിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയാണ്. 2003ലാണ് സുഖ്‌വീന്ദര്‍ നദൗനില്‍ നിന്ന് ആദ്യമായി എം.എല്‍.എയാകുന്നത്. 2007ലും അവിടെ നിന്നും വിജയിച്ചെങ്കിലും 2012ല്‍ പരാജയപ്പെട്ടു. 2017ല്‍ മണ്ഡലം തിരിച്ചുപിടിച്ച സുഖ്‌വീന്ദര്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
Content Highlights: life story of himachal pradesh cheif minister Sukhvinder Singh Sukhu biography
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..