ന്യൂഡല്‍ഹി: എല്ലാ കോവിഡ് രോഗികള്‍ക്കും അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് ഏര്‍പ്പെടുത്തണമെന്ന ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവിനെതിരേ എഎപി സര്‍ക്കാര്‍. നീക്കത്തെ ഏകപക്ഷീയം എന്ന വിളിച്ച എഎപി ദേശീയ തലസ്ഥാനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞു.
ലെഫ്.ഗവര്‍ണറുടെ ഉത്തരവിനെ ഏകപക്ഷീയം എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കടുത്ത ക്ഷാമം ഇതിനകം നിലനില്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ക്വാറന്റീനിലുള്ള രോഗികള്‍ക്കായി കുടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ എവിടെനിന്നെത്തിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് ഏര്‍പ്പെടുത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 90,000 കിടക്കകള്‍ ആവശ്യമായി വരുമെന്ന് എഎപി നേതാവ് രാഘവ് ചദ്ധ പറഞ്ഞു. നിലവില്‍ 15,000 കിടക്കകള്‍ കണ്ടെത്താന്‍ തന്നെ സര്‍ക്കാര്‍ ബുദ്ധുമുട്ടുകയാണെന്നും ചദ്ധ ചൂണ്ടിക്കാണിച്ചു.
അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് ശേഷം രോഗലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ ഐസൊലേഷനിലാക്കണമെന്നും അനില്‍ ബൈജാലിന്റെ ഉത്തരവിലുണ്ടായിരുന്നു. 'വീടുകളില്‍ ഐസൊലേഷനിലുള്ള ഓരോ രോഗിയെയും അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കണം. അതിന് ശേഷം അവരെ വീടുകളില്‍ ഐസൊലേഷനിലാക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യണം." - അനില്‍ ബൈജാല്‍ ഉത്തരവില്‍ പറഞ്ഞു.
കോവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഗുരുതരാവസ്ഥയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Lieutenant Governor Anil Baijal mandates 5-day institutional quarantine for COVID patients, AAP calls decision 'arbitrary'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..