ഭോപ്പാല്‍:  സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് പെന്‍ഗണ്‍ വികസിപ്പിച്ച് മാവോവാദികള്‍.  കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളിലാണ് കൃത്യതയേറിയ പെന്‍ഗണ്‍ തിരിച്ചറിഞ്ഞത്. മാവോവാദികളുടെ സാങ്കേതിക വിദഗ്ദരാണ് പെന്‍ഗണ്‍ വികസിപ്പിച്ചതെന്നാണ് നിഗമനം. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ തിമിനാര്‍, പുസ്‌നാര്‍ ഗ്രാമങ്ങളോട് ചേര്‍ന്ന് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ട് വനിതകളുള്‍പ്പെടെ എട്ടുപേരാണ് രണ്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടത്. പിന്നീട് കൊല്ലപ്പെട്ട മാവോവാദികളില്‍ നടത്തിയ പരിശോധനയിലാണ് പെന്‍ഗണ്‍ കണ്ടെത്തിയത്. 

രണ്ട് ഇന്‍സാസ് തോക്കുകള്‍, രണ്ട് 0.303 റൈഫിളുകള്‍, രണ്ട് കൈത്തോക്കുകള്‍ എന്നിവയോടൊപ്പമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച പുതിയ ആയുധവും കണ്ടെത്തിയത്. ഒമ്പത് എംഎം ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന പേനയുടെ ആകൃതിയുള്ള ആയുധമാണിത്. ചെറിയ ഇരുമ്പ് കുഴല്‍ ഉപയോഗിച്ചാണ് പെന്‍ഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെടിയുതിര്‍ക്കാനുള്ള ട്രിഗര്‍ ആയി ഒരു പിന്‍ ഇതോടൊപ്പം ഘടിപ്പിച്ചിട്ടുമുണ്ട്. ഒമ്പത് മുതല്‍ 10 മീറ്റര്‍ ദുരത്തേക്ക് കൃത്യമായി നിറയൊഴിക്കാന്‍ സാധിക്കുന്നതാണ് ഈ ആയുധം. 

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ മാവോയിസ്റ്റ് വനിതാ കമാന്‍ഡറായ ജെയ്‌നി സുരക്ഷാസേനയ്ക്കു നേരെ രണ്ടുതവണ നിറയൊഴിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൈയിലുണ്ടായിരുന്ന ഇന്‍സാസ് തോക്ക് താഴെവീണപ്പോഴാണ് പെന്‍ഗണ്‍ ഉപയോഗിച്ച് നിറയൊഴിച്ചതെന്നാണ് വിവരം.

മാവോവാദികളുടെ ചെറിയ ആക്രമണ സംഘങ്ങള്‍ ഇപ്പോള്‍ ഇത്തരം പെന്‍ഗണ്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരം. മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ കൈവശം വയ്ക്കാമെന്നതും അടിയന്തരഘട്ടത്തില്‍ വളരെ പെട്ടന്ന് ഉപയോഗിക്കാമെന്നതുമാണ് ഇതിന്റെ മെച്ചം. 

Content Highlights: Pen Gun, Developed By Maoists, Chhattisgarh Encounter