Photo: ANI
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിരവധി സ്‌ഫോടനങ്ങളില്‍ പങ്കാളിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍. റിയാസി ജില്ലയിലെ താമസക്കാരനായ ആരിഫ് എന്നയാളാണ് പിടിയിലായത്. മുന്‍പ് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ പിന്നീട് ഭീകരവാദത്തിലേക്ക് ആകൃഷ്ടനാവുകയും പാകിസ്താനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. വൈഷ്‌ണോ ദേവീക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസില്‍ സ്‌ഫോടനം നടത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ട്.
ജമ്മുവിലെ നര്‍വാളില്‍ ജനുവരി 21-നുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ആരിഫ് പിടിയിലായത്. ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) സ്ഥാപിച്ച പെര്‍ഫ്യൂം ബോട്ടിലും ആരിഫില്‍നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് പറഞ്ഞു. ഇത്തരത്തില്‍, പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ ഐ.ഇ.ഡി. സ്ഥാപിച്ച നിലയില്‍ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മേയ്മാസത്തിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോയ ബസിനു നേര്‍ക്ക് ഭീകരാക്രമണമുണ്ടായത്. ഇതില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സ്‌ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചിട്ടുണ്ടെന്നും ദില്‍ബാഗ് സിങ് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ജമ്മുവിലെ ശാസ്ത്രിനഗര്‍ മേഖലയില്‍ നടന്ന ഐ.ഇ.ഡി. സ്‌ഫോടനത്തിലും തനിക്ക് പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചിട്ടുണ്ട്. അന്ന് ഒന്‍പതുപേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ഐ.ഇ.ഡികള്‍ അതിര്‍ത്തിയ്ക്കപ്പുറത്തുനിന്ന് എത്തിയതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീര്‍ ഡി.ജി.പി. വ്യക്തമാക്കി.
Content Highlights: let terrorist arrested in jammu kashmir ied planted inside perfume bottle recovered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..