രാജ്നാഥ് സിങ് | Photo: ANI
ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുന്നതിനിടയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കോ മറ്റോ നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍ ഭേദഗതികള്‍ വരുത്താമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്നും ദ്വാരകയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു. ധര്‍ണകളില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരും കര്‍ഷക കുടുംബങ്ങളില്‍ ജനിച്ചവരാണ്. അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് സര്‍ക്കാര്‍ അവരെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താങ്ങുവിലയെ കുറിച്ചുള്ള തെറ്റിധാരണകളെല്ലാം അവസാനിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. പ്രധാനമന്ത്രി അത് ഉറപ്പു നല്‍കി കഴിഞ്ഞുവെന്നും ഇപ്പോള്‍ താനും താങ്ങുവില ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ ചെറുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
Content Highlights: Let farm laws be implemented for a year; if not found beneficial, we will amend them: Rajnath Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..