ന്യൂഡല്‍ഹി: ഇതുവരെ വാക്‌സിനെടുത്തവരില്‍ 0.048 ശതമാനത്തിന് മാത്രമാണ് കോവിഡ് ബാധയുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍. ഇതുവരെ നല്‍കിയ 53.14 കോടി വാക്‌സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായത്. വാക്സിനേഷനു ശേഷം  രോഗബാധയുണ്ടായവരില്‍ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിൽ നിലവില്‍ നല്‍കി വരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി എന്നിവ 'ബ്രേക്ക്ത്രൂ അണുബാധകളില്‍' നിന്ന് ഒരേപോലയുള്ള പരിരക്ഷ നല്‍കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാക്‌സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും  ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതല്‍ ആക്രമണാത്മക വകഭേദങ്ങള്‍ ആശങ്കാജനകമാണ്.

വാക്‌സിന്‍ സ്വീകരിച്ച ശേഷം ഉണ്ടായ രോഗബാധയുടെ കണക്കെടുപ്പ് താമസിയാതെ തുടങ്ങും. അതുപോലെ തന്നെ ഇത്തരത്തില്‍ വാക്‌സിനെ അതിജീവിച്ചുണ്ടായ കൊറോണ വൈറസിന്റെ ജീനോം സീക്വന്‍സിങ് നടത്തി അത് ഏത് വകഭേദമാണെന്നും കണ്ടെത്താനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കും എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

വാക്‌സിന്‍ സ്വീകരിച്ച കേരളത്തിലെ 40,000 പേരില്‍ കോവിഡ് ബാധയുണ്ടായത്  ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 40,000 ബ്രേക്ക് ത്രൂ കേസുകളില്‍ പകുതിയിലധികവും പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. അതില്‍ തന്നെ രണ്ട് ഡോസുകളും സ്വീകരിച്ച 5,042 പേര്‍ക്കാണ് കോവിഡ് വിീണ്ടും പിടിപെട്ടത്. 

ബ്രേക്ക് ത്രൂ ഉണ്ടായാലും വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധ ഉണ്ടായാല്‍ തന്നെ ആശുപത്രി ചികിത്സ തേടേണ്ടതിന്റെയും മരണ സാധ്യതയും ഇവര്‍ക്ക് കുറവായിരിക്കുമെന്നാണ് ഐസിഎംആര്‍ പഠനം. ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനിലെ 86 ശതമാനത്തിനും ഹേതുവായിട്ടുള്ളത് ഡല്‍റ്റ വകഭേദമാണ്.

content highlights: Less Than 0.05% Of Those Vaccinated,Tested PositiveLess Than 0.05% Of Those Vaccinated,Tested Positive