ഋഷികേഷ്: ചൊവ്വാഴ്ച രാവിലെ ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിനുള്ളില്‍ കടന്ന് കുഴലിനുള്ളില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് വന്യമൃഗം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്എഫ് ജവാന്റെ ശ്രദ്ധയില്‍ പെട്ടതോടെ ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരന്നു. 

അകലത്തിലും വേഗത്തിലുമായതിനാല്‍ പുള്ളിപ്പുലിയാണ് കടന്നുകൂടിയതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വന്യമൃഗം  കുഴലിനുള്ളില്‍ കുടുങ്ങിയെന്നുറപ്പായതോടെ രണ്ടുവശത്തും കുഴല്‍ അടച്ചു. കുഴല്‍ തുരന്ന് അതിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് മര്‍തോലിയ പറഞ്ഞു. 

വിമാനത്താവളത്തിന്റെ മൂന്ന് വശങ്ങളിലും സംരക്ഷിത വനങ്ങളാണ്. ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കാറുണ്ട്. നേരത്തെയും വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി, ചെന്നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങള്‍ കടക്കുകയും പിന്നീട് പിടികൂടി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ഡി കെ ഗൗതം അറിയിച്ചു.

Content Highlights: Leopard enters Jollygrant Airport in Dehradun efforts underway to rescue it