കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി മമതാ ബാനര്‍ജി. സിപിഎമ്മുമായി കടുത്ത ശത്രുതയുണ്ടെങ്കിലും ഇത്തരം നടപടികള്‍ ആരു ചെയ്താലും പൊറുക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.

'സിപിഎം നമ്മുടെ എതിരാളികളാവാം. ലെനിന്‍ എന്റെ നേതാവുമല്ല. എന്നത് കൊണ്ട് ലെനിന്റെയും മാര്‍ക്സിന്റെയും പ്രതിമകള്‍ പൊളിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ചില ആളുകള്‍ സ്നേഹിക്കുന്നവരാണ് അവര്‍. റഷ്യ പോലുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് നിരവധി ആരാധകരുണ്ട്'- മമത പറഞ്ഞു. 

ത്രിപുരയില്‍ ജനാധിപത്യ അധികാരമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതുകൊണ്ട് എതിരാളികളുടെ പ്രതിമകള്‍ തകര്‍ക്കാനുള്ള അധികാരമില്ല. 2011-ല്‍ സിപിഎം തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും തങ്ങള്‍ പ്രതിരോധത്തിന് മുതിര്‍ന്നിട്ടില്ലെന്നും മമത പറഞ്ഞു. ബങ്കുറയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

ത്രിപുരയിലെ ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിച്ച ലെനിന്റെ പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് തകര്‍ത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകരാണാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്.