കൊല്‍ക്കത്ത:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടത് അനുകൂല വോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ യെച്ചൂരി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ചത്. ഇതാണ് ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്‍ നേടാന്‍ ഇടയാക്കിയത്. ഇടത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന തൃണമൂലിന്റെ നടപടിക്കെതിരായ പ്രതികരണമായിരുന്നു ഇത്. അതേ സമയം മതേതര വോട്ടുകള്‍ തൃണമൂലിന് ഒപ്പം നിന്നു. അതോടെ വോട്ടുകള്‍ ബിജെപിയിലും തൃണമൂലിലുമായി ധ്രുവീകരിക്കപ്പെട്ടു. അതോടെ മറ്റ് പാര്‍ട്ടികളുടെ ഇടം ചുരുങ്ങി-യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയില്‍ നാല് തവണ താന്‍ ബംഗാളില്‍ എത്തിയിരുന്നു. അവസാന ഘട്ടത്തിന് മുമ്പ് ഞാന്‍ ആ മുദ്രാവാക്യം കേട്ടു. 'ഇത്തവണ വോട്ട് രാമന്, ഇടതിന് വോട്ട് പിന്നീട്' എന്നായിരുന്നു ആ മുദ്രാവാക്യം. ആരാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവെന്ന് അറിയില്ല. പക്ഷേ അങ്ങനെയൊരു വികാരം അവിടെയുണ്ടായിരുന്നു.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതിരുന്നതാണോ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന ചോദ്യത്തിന് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടും കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. അതുകൊണ്ട് സഖ്യം എന്തുകൊണ്ട് യാഥാര്‍ഥ്യമായില്ലെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത്. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച 40 പേരില്‍ 39 പേര്‍ക്കും തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.

Content Highlights: Left supporters voted for BJP, West Bengal, Sitaram Yechury