കെ.കെ രാഗേഷിനെ പോലീസ്റ്റ് അറസ്റ്റ് ചെയ്യുന്നു | Video Grab
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍. എംപിയും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റെ സെക്രട്ടറിയുമായ കെ. കെ. രാഗേഷ് , അഖിലേന്ത്യാ കിസാൻ സഭാ ഫിനാൻസ് സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവർ ബിലാസ്പുരില്‍ അറസ്റ്റിലായി. ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. അനുരഞ്ജനങ്ങൾക്ക് വഴങ്ങാതെ കർഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് അടിച്ചമർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. വലിയ തോതിലുള്ള പ്രതിഷേധ പരിപാടിയിലേക്കു നീങ്ങവെയാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
പ്രക്ഷോഭത്തെ തടഞ്ഞുനിർത്തുന്നതിന്റെ ഭാഗമായി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പോലീസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
സി.പി.എം. കേന്ദ്രകമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ മറിയം ധാവ്ലേ, സി.പി.എം. കേന്ദ്രകമ്മറ്റി അംഗവും കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റുമായ അംറാ റാം, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി വിക്രം സിങ് , എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സി.സി. അംഗം അരുണ്‍ മേത്ത, ഗുജറാത്ത് കിസാൻ സഭ സെക്രട്ടറി പർഷോത്തം പർമാർ, ഗുജറാത്ത് മഹിളാ അസോസിയേഷൻ സെക്രട്ടറി റമീലാ റാവൽ എന്നിവർ ഗുജറാത്തില്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായി. യുപിയിലും ഹരിയാനയിലും വ്യാപകമായ കരുതല്‍ തടങ്കലാണ് പോലീസ് നടപ്പിലാക്കുന്നത്. ഹരിയാനയിലെ സിഐടിയു അധ്യക്ഷ സുരേഖറാണിയെയും അറസ്റ്റ് ചെയ്തു
വളരെ ശക്തമായി തന്നെ കര്‍ഷകരുടെ പ്രക്ഷോഭവും തുടരുകയാണ്. പശ്ചിമബംഗാളിലും ബിഹാറിലും തീവണ്ടി തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു.
ജയ്പുരില്‍ ബി.ജെ.പി. ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കര്‍ഷക പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലിലാണ്. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത ഡല്‍ഹി പോലീസ് നിഷേധിച്ചു.
കർഷകർക്ക് പിന്തുണ അറിയിച്ച് അണ്ണാഹസാരെയും സത്യാഗ്രഹമാരംഭിച്ചിട്ടുണ്ട്.
നാളെ സര്‍ക്കാരുമായി കര്‍ഷകരുടെ ആറാം വട്ട ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതുവരെ നടന്ന അഞ്ച് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇനി ചര്‍ച്ചക്ക് പോകേണ്ടെന്നാണ് കര്‍ഷകരുടെ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണുന്നുണ്ട്. നാളെ വൈകിട്ട് രാഷ്ട്രതിയ കാണുമെന്നാണ് റിപ്പോർട്ടുകൾ.
content highlights: Left leaders arrested during farmer's Bharath Bandh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..