മുംബൈ: രാജ്യംവിട്ടത് ചികിത്സയുടെ ഭാഗമായാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ മെഹുല്‍ ചോക്‌സി. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുന്നതിനല്ല വിദേശത്തേയ്ക്ക് കടന്നതെന്നും ബോംബെ ഹൈക്കോടതിയില്‍ അഭിഭഷകന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചോക്‌സി വ്യക്തമാക്കി.

വിദേശത്ത് വൈദ്യപരിശോധന നടത്തുന്നതിനും ചികിത്സയക്കും വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദേശത്തേയ്ക്ക് പോയത്. സംശയകരമായ സാഹചര്യത്തിലല്ല രാജ്യംവിട്ടത്. ആരോഗ്യ കാരണങ്ങള്‍ മൂലം ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തന്നെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ അപേക്ഷ തള്ളണമെന്ന് കാട്ടി മെഹുല്‍ ചോക്‌സി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അദ്ദേഹം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 13,400 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മെഹുല്‍ ചോക്‌സിയും മരുമകന്‍ നീരവ് മോദിയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടെയും അന്വേഷണം നേരിടുകയാണ്.

Content Highlights: Left India For Medical Check-Up, Mehul Choksi, Punjab National Bank scam, Nirav Modi