സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അഹോബിലം മഠത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സതീഷ് പ്രസരന്‍, അഭിഭാഷകരായ സി. ശ്രീധരന്‍, പി. ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Content Highlights: Leave Temple To Religious People: Supreme Court Dismisses AP Govt Challenge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..