
Pramod Sawant| Photo - PTI
പനാജി: കേരളത്തില്‍നിന്ന് പ്രചോദനം ഉൾക്കൊള്ളൈാൻ ഗോവയിലെ കര്‍ഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പനാജിയില്‍ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തെ മാതൃകയാക്കാന്‍ കര്‍ഷകരെ ഉപദേശിച്ചത്.
ഗോവയിലെ കാര്‍ഷിക രംഗത്ത് പുതിയ ആശയങ്ങള്‍ നടപ്പാക്കപ്പെടുന്നില്ലെന്നും കൃഷിയില്‍ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ ചക്കയ്ക്ക് വിപണി കണ്ടെത്തിയ രീതി നാം കണ്ടു പഠിക്കണം. ചക്കയ്ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന കണ്ടെത്തലിന് പിന്നാലെ അതില്‍നിന്ന് കോടികള്‍ നേടുകയാണ് മലയാളികള്‍.
എന്നാല്‍, ഗോവയില്‍ ഉണ്ടാകുന്ന ചക്കയുടെ 95 ശതമാനവും ചീഞ്ഞു പോകുകയാണ്. എന്നുമാത്രമല്ല പഴുത്തചക്ക തലയില്‍വീണ് പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതേസമയം കേരളീയര്‍ ചക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ചക്ക 100 ശതമാനവും വിഷ രഹിതമാണ്. വള പ്രയോഗം ആവശ്യമില്ല. നട്ടു നനയ്‌ക്കേണ്ട ആവശ്യവുമില്ല. പൂര്‍വികര്‍ നട്ടുവളര്‍ത്തിയ പ്ലാവുകളില്‍ നിന്നാണ് ഇപ്പോള്‍ ചക്ക ലഭിക്കുന്നത്. പ്ലാവ് നടാന്‍ ഇന്ന് ആരും തയ്യാറാകുന്നില്ല. വരുന്ന തലമുറയ്ക്ക് ചക്ക കാണാന്‍തന്നെ കഴിയുമോ എന്ന ആശങ്കയുണ്ട്.
ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ വളരെക്കൂടുതല്‍ ഭക്ഷ്യവസ്തുക്കളാണ് ഗോവക്കാര്‍ ഉപയോഗിക്കുന്നത്. ഇതിനായി വന്‍തോതില്‍ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ ഗോവയില്‍ കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും പാലും കോഴിയിറച്ചിയും ഉത്പാദിപ്പിക്കേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ശീലം ഗോവക്കാര്‍ക്ക് നഷ്ടമായി. മികച്ച കൃഷിരീതികളും നൂതന ആശയങ്ങളും ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും നാം ഉടന്‍ തുടങ്ങേണ്ടിയിരുക്കുന്നുവെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Learn innovation, industry from Kerala: Goa CM to farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..