കേരള ബാങ്കിൽ ലയിപ്പിച്ച മലപ്പുറം എം.ഡി.സി. ബാങ്കിന്റെ ബോർഡ് മാറ്റി കേരളാ ബാങ്കിന്റെ ബോർഡ് വച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ന്യൂഡല്‍ഹി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും, എംഎല്‍എ യും ആയ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി. ടി അജയ് മോഹന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഏകപക്ഷീയവും, നിയമവിരുദ്ധവും ആയ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ കവരുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി.
ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും, വൈസ് പ്രസിഡന്റും നല്കിയ ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. ഇതില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ ലയന നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലയന നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, ഡിവിഷന് ബെഞ്ചും നേരത്തെ വിസമ്മതിച്ചിരുന്നു.
സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എ ക്ലാസ് അംഗങ്ങളായ സംഘങ്ങള്‍ക്കു 15 ദിവസത്തെ നോട്ടിസ് മാത്രം നല്കി ലയന നടപടി നടത്തമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. 1947 ലെ ബാങ്കിങ് റെഗുലേഷന് നിയമത്തിന്റെ 44 എ വകുപ്പിന്റെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതിയെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അഭിഭാഷകന് ഹാരിസ് ബീരാനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ലയന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം അടുത്ത ആഴ്ച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ ഉന്നയിച്ചേക്കും.
Content Highlights: League MLA in Supreme Court against merger of Malappuram District Bank with Kerala Bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..