ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ നല്‍കി വോട്ടു നേടുകയും അധികാരത്തിലെത്തിയ ശേഷം അവ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി. വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

"സ്വപ്‌നം കാണിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ നേതാക്കൾക്ക് നല്ല രാഷ്ട്രീയ അടി കിട്ടുകയും ചെയ്യും. അതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സ്വപ്‌നങ്ങള്‍ മാത്രം അവര്‍ക്ക് നല്‍കുക. സ്വപ്‌നം കാണിക്കുന്നവരുടെ കൂട്ടത്തിലുള്ള ആളല്ല ഞാന്‍". പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും പൂര്‍ത്തിയാക്കുന്നയാളാണ് താനെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ഗഡ്കരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. സര്‍, നിതിന്‍ ഗഡ്കരി താങ്കളെ കണ്ണാടി കാണിച്ചു തരുന്നു, അതും വളരെ സൂക്ഷ്മമായി എന്ന കുറിപ്പോടെ ഗഡ്കരിയുടെ വാക്കുകള്‍ പ്രധാനമന്ത്രിയെ ഒവൈസി ടാഗ് ചെയ്യുകയായിരുന്നു.

content highlights: leaders who doesnt fulfill promises will be thrashed by public says nitin gadkari, nitin gadkari