ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്. പി. കരുണാകരന്‍ എംപിയാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് ചൊവ്വാഴ്ച പരിഗണിക്കണമെന്നാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും മോദി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നേരത്തെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബഹളം മൂലം ഈ അവിശ്വാസ പ്രമേയങ്ങള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചിരുന്നത്.

50 പേരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പ്രമേയം പരിഗണിക്കാന്‍ കഴിയൂ. ബഹളം തുടരുകയാണെങ്കില്‍ അടുത്ത ദിവസവും അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരിക്കും സ്പീക്കര്‍ സ്വീകരിക്കുകയെന്നാണ് സൂചന.

Content Highlighsts: ldf no-confidence motion, Narendra Modi govt, Lok Sabha