സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
ന്യൂഡല്‍ഹി: സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന എസ്.എന്‍.സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കെ എസ് ഇ ബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ആര് ശിവദാസന്റെ അഭിഭാഷകന് പി വി ശരവണരാജ ആണ് രജിസ്ട്രിക്ക് അപേക്ഷ നല്‍കിയത്.
കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ഇന്നലെ മാതൃഭൂമി ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസിലെ കക്ഷികളായ തങ്ങളുടെ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചത് എന്ന് ആര് ശിവദാസന്റെ അഭിഭാഷകന് നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് സുപ്രീം കോടതി പുറപ്പടുവിച്ച വിധിയില്‍ ലാവലിന്‍ കേസ് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്ന ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ പരിഗണിക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവില്‍ നിന്ന് വ്യത്യസ്തമായി അപേക്ഷ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് തിങ്കളാഴ്ചത്തേക്കാണ്. അതുകൊണ്ട് വിശദമായ വാദംകേള്‍ക്കുന്ന ദിവസത്തേക്ക് കേസ് മാറ്റണം എന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ലോക്ഡൗണിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ്. എന്നാല്‍ ലാവലിന്‍ അപ്പീലുകളില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്നും അതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ പുനരാംഭിക്കുന്നതുവരെ നീട്ടിവെക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന് നല്കിയ അപേക്ഷയിലെ മറ്റൊരു ആവശ്യം. തുറന്ന കോടതി നടപടി ആരംഭിക്കുന്നതിനു വാദത്തിന് തയ്യാറാകാന്‍ ആറ് ആഴ്ചത്തെ സമയവും അഭിഭാഷകന് കോടതിയോട് ആരാഞ്ഞിട്ടുണ്ട്.
ലാവലിന്‍ കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിന് എതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെ ഉള്‍പ്പടെയുള്ളവര്‍ നല്കിയ അപ്പീലുകളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിന്‍ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയായിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലാവലിന്‍ അപ്പീലുകള്‍ തിങ്കളാഴ്ച ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Lavalin case- application in SC to adjourn until the commencement of proceedings in open court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..