അഗര്‍ത്തല: ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം നുരഞ്ഞ് പൊങ്ങിയത് ത്രിപുരയിലെ ജാലിഫ ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. ജലിഫയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടത്. 

ഭൂകമ്പസാധ്യതയുടെ തീവ്രത കൂടിയ സീസ്മിക് V മേഖലയില്‍ പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെടുന്നതാണ് ത്രിപുരയും. അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങുന്നത് തുടര്‍ന്നു. 

ഭൗമശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. വിശദമായ വിശകലനത്തിനായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അവിടുത്തെ ഭ്രംശമേഖലയിലെ ഭൗമപാളികളുടെ ചലനമാകാം ഇത്തരം പ്രതിഭാസത്തിനിടയാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

ഈ ഭാഗത്ത് അഗ്‌നിപര്‍വതമുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞനായ അവിസേക് ചൗധരി പറഞ്ഞു. എന്നാല്‍ സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മന്ത്രി സുദീപ് റോയ് ബര്‍മന്‍ ത്രിപുരയില്‍ മുമ്പുണ്ടായ ഭൂകമ്പങ്ങളെ സൂചിപ്പിക്കുകയും ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു. 

അടുത്തിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഇതേ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നു. ഏപ്രിലില്‍ ബൈഷ്ണവ്പുരിലും ഗാഗ്രാബസ്തിയിലും ഭൂമിക്കടിയില്‍ നിന്ന് ചൂടും പുകയുമുള്ള ലാവ പോലത്തെ ദ്രാവകം പതഞ്ഞു പൊങ്ങിയിരുന്നു.

Content Highlights: Lava-Like Eruption, Tripura , Earth Quake, Liquid, Inflammable