ശ്രീനഗര്‍:  കശ്മീരിലെ പാംപോറില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്താന്‍ പൗരത്വമുള്ള ഉമര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു. 

സംബോറയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരുമായാണ് സൈന്യം ഏറ്റമുട്ടിയത്. ഒരാളെ വധിച്ചുവെന്നും എന്നാല്‍ മറ്റ് രണ്ട് പേര്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. 

മേഖലയില്‍ തീവ്രവദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. സൈന്യവും സിആര്‍പിഎഫും കശ്മീര്‍ പൊലീസും ചേര്‍ന്ന നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

ശനിയാഴ്ച ബാരാമുള്ളയിലെ സോപൂരിലും ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധിച്ചിരുന്നു.ഇവരില്‍ നിന്നും എകെ-47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ലഷ്‌കര്‍ ഭീകരുടെ മുഖ്യനേതാക്കളിലൊരാളായ അബു ദുജാന കൊല്ലപ്പെട്ടിരുന്നു. സൈന്യവുമായുള്ള ആറാം ഏറ്റുമുട്ടലിനിടെയാണ് അബു ദുജാന കൊല്ലപ്പെട്ടത്.