ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുദ്ധക്കൊതിയനെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ മുൻ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പാകിസ്താനിലെ മികച്ച സന്നദ്ധ സംഘടനയാണെന്നും മുഷാറഫ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയും ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദും തമ്മില്‍ നടത്തിയ ഫോൺ സംഭാഷണം ഒരു ദേശീയ ചാനൽ പുറത്തു വിട്ടിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ് മുഷാറഫ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു യുദ്ധക്കൊതിയനാണ്. ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് പാകിസ്താനെക്കാള്‍ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മുഷാറഫ് ആരോപിച്ചു. 

ലഷ്‌കര്‍ ഇ തൊയ്ബ പാകിസ്താനിലെ മികച്ച ഒരു സന്നദ്ധ സംഘടനയാണ്. അതിന്റെ നേതാവായ ഹാഫിസ് സെയ്ദ് വിദ്യാസമ്പന്നനും എന്‍ജിനീയറുമാണ്. ബുര്‍ഹാന്‍ വാനിയുമായി അദ്ദേഹം ബന്ധപ്പെട്ടതില്‍ യാതൊരു അത്ഭുതവുമില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ലഷ്‌കര്‍ ഇ തൊയ്ബ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഷാറഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയാണ് ബുര്‍ഹാന്‍ വാനിയെക്കൊണ്ട് ആയുധമെടുപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ ഇന്ത്യന്‍ പട്ടാളം ഉപദ്രവിച്ചിട്ടുള്ളത് ചില്ലറയല്ല. ഹാഫിസ് സയീദ് ഒരു ഭീകരവാദിയാണെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ല. താനൊരു അഭിഭാഷകനായിരുന്നെങ്കില്‍ അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരാകുമായിരുന്നു. പാകിസ്താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഹാഫിസ് സെയ്ദിനായി ഐക്യരാഷ്ട്ര സഭയില്‍ പോരാടുമായിരുന്നെന്നും മുഷാറഫ് പറഞ്ഞു.

കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് ബുര്‍ഹാന്‍ വാനിയും ഹാഫിസ് സയീദും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ഇന്ത്യന്‍ സേനയ്ക്ക് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയും ഹിസ്ബുള്‍ മുജാഹിദ്ദീനും സംയുക്തമായി ഇന്ത്യയ്‌ക്കെതിരായി പോരാടുന്നതിക്കുറിച്ചുള്ളതായിരുന്നു ബുര്‍ഹാന്‍ വാനി ഹാഫിസ് സയീദുമായി നടത്തിയ ഈ സംഭാഷണം.

ഇതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിക്കുന്നത്. ഇതിനെ തുടര്‍ന്ന് കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരായി വലിയ പ്രതിഷേധം രൂപപ്പെടുകയും കശ്മീര്‍ കടുത്ത പോരാട്ട ഭൂമിയാകുകുയും ചെയ്തിരുന്നു.