ന്യൂഡല്‍ഹി : പ്രിയങ്കയുടെ വരവിനോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങളെ നിരോധിച്ച് യുപിയിലെ സഹാറന്‍പുര്‍ ജില്ലാ ഭരണകൂടം. 
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വലിയ സമ്മേളനങ്ങള്‍ നിരോധിക്കുന്ന നിരോധാനാജ്ഞ ഉത്തരവാണ് ഭരണകൂടം പുറപ്പെടുവിച്ചത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കിസാന്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക സഹറന്‍പുരില്‍ എത്തിയത്. 

"കര്‍ഷകരെ കേള്‍ക്കാനും മനസ്സിലാക്കാനും അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കാനും ഇന്ന് ഞാന്‍ സഹാറന്‍പുരിലുണ്ടാകും. കറുത്ത കാര്‍ഷിക നിയമം ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കേണ്ടിവരും," പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ ട്വീറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ 27 ജില്ലകളില്‍ നടക്കുന്ന 'ജയ് ജവാന്‍, ജയ് കിസാന്‍' കാമ്പയിനിന്റെ  ഭാഗമായാണ് പ്രിയങ്ക എത്തുന്നത്. 

ക്രമസമാധാന പാലനത്തിനായാണ് 144 ചുമത്തുന്നതെന്നും ഈ രീതി കുറച്ചുകാലമായി തുടരുന്നതാണെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അഖിലേഷ് സിങ് പറഞ്ഞു.

content highlights: Large Groups Banned As Priyanka Gandhi Joins UP Kisan mahapanchayath