ഭൂകമ്പം, സുനാമി, പേമാരി, പ്രളയം, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഓരോ ഇന്ത്യൻ പൗരനും ഏതെങ്കിലും വിധേന കേട്ടറിവുള്ളതും അതിലുപരി നേരിട്ടറിഞ്ഞതുമാകാം. അതുപോലെ ഹിമാലയൻ പർവത നിരകളും പ്രാന്തപ്രദേശങ്ങളുമായി ബന്ധപ്പെട്ട്‌, നാം ഇടയ്ക്കിടെ ശ്രവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് മേഘവിസ്ഫോടനങ്ങളും (cloud bursts), ഹിമപാതങ്ങളും (avalanches). എന്നാൽ, ഫെബ്രുവരി ഏഴിലെ പ്രഭാതത്തിൽ പ്രാദേശിക, ദേശീയ മാധ്യമവാർത്തകളുടെ തലക്കെട്ടുകളിൽത്തന്നെ നിറഞ്ഞുനിന്ന മറ്റൊരു പ്രകൃതി പ്രതിഭാസ നാമമാണ് ഹിമാനി വിസ്ഫോടനം (glacial burst).

768-ഓളം മനുഷ്യരുടെ മരണത്തിനിടയാക്കിയ 20 ഒക്ടോബർ 1991-ലെ ഉത്തരകാശി ഭൂകമ്പത്തിനെയും 225 പേരെ മണ്ണിട്ടുമൂടിയ 18 മാർച്ച് 1998-ലെ മാൽപാ മണ്ണിടിച്ചിലിനെയും 100-ഓളം പേരെ ഇല്ലാതാക്കിയ 29 മാർച്ച് 1999-ലെ ചമോലി ഭൂകമ്പത്തിനെയും 5700 മനുഷ്യജീവനുകൾ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കിയ 16 ജൂൺ 2013-ലെ പ്രളയത്തെയും അതിജീവിച്ച ഉത്തരാഖണ്ഡിനു പ്രകൃത്യാലോ അതോ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റപ്രവൃത്തികൾമൂലമോ വീണ്ടുമേറ്റൊരു പ്രഹരമാണ് 200-ലധികം പേരെ കാണാമറയത്താക്കിക്കൊണ്ടു പൊട്ടിപ്പുറപ്പെട്ട സ്ഫോടനവും അനുബന്ധ പ്രളയദുരന്തവും.

പ്രാഥമിക റിപ്പോർട്ടുകൾപ്രകാരം ദുരന്തകാരണം നമുക്കാർക്കും അധികം സുപരിചിതമല്ലാത്ത ഹിമാനി വിസ്ഫോടനം എന്ന പ്രകൃതി പ്രതിഭാസമായിരുന്നെങ്കിലും പിന്നീട് ദുരന്തബാധിത മേഖലയിലെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽനിന്നു മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്, ചമോലി ദുരന്തത്തിന്റെ പ്രധാന കാരണം വളരെയധികം കനത്തിൽ ഹിമകണങ്ങൾ മൂടിയ മലനിരകളിൽനിന്ന് ഉദ്ഭവിച്ച മണ്ണിടിച്ചിൽ തന്നെയെന്നുള്ളതാണ്.

ഹിമാനി വിസ്‌ഫോടനം

ധ്രുവങ്ങൾ പോലെയും ഹിമാലയൻ സാനുക്കൾ പോലെയും പൊതുവേ അന്തരീക്ഷ താപനില പൂജ്യത്തിനും താഴെപോകുന്ന പ്രദേശങ്ങളിൽ കാലാകാലങ്ങളായി തുടർന്നുകൊണ്ടേയിരിക്കുന്ന മഞ്ഞുവീഴ്ചമൂലമാണ് ഹിമാനികൾ അഥവാ ഗ്ലേസിയേഴ്സ് രൂപപ്പെടുന്നത്. വർഷങ്ങളോളം തുടരുന്ന ഈ പ്രകൃതിപ്രക്രിയമൂലം ഭൂമിയുടെ ഉപരിതലത്തിൽ വലിയതും കട്ടിയുള്ളതുമായ ഹിമപാളികളായി രൂപാന്തരം സംഭവിക്കുകയും ഇവ രൂപപ്പെട്ടിരിക്കുന്ന പ്രതലത്തിന്റെ ചെരിവ് അനുസരിച്ച്‌ ഉയർന്ന പ്രദേശത്തുനിന്നു താഴ്‌ന്ന പ്രദേശത്തേക്ക് വളരെ മന്ദഗതിയിൽ (ദിനംപ്രതി സെന്റീമീറ്റർമുതൽ മീറ്റർ എന്ന കണക്കിൽ) നദികളെപ്പോലെ ഒഴുകിനീങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. മീറ്റർമുതൽ കിലോമീറ്ററുകളോളം കനത്തിൽ രൂപപ്പെടുന്ന ഹിമാനികൾ പൊതുവേ ധ്രുവപ്രദേശങ്ങളിൽ വളരെ സാവധാനത്തിൽ പരന്നൊഴുകുകയും ഹിമാലയം പോലുള്ള പർവതനിരകളിൽ വീതികുറഞ്ഞും എന്നാൽ, താരതമ്യേന വേഗത്തോടുംകൂടി വളരെയധികം ദൂരത്തിൽ യാത്രചെയ്യുന്നവയുമാണ്. കൂടാതെ, വലിയ ശുദ്ധജല സ്രോതസ്സുകളായ ഹിമാനികൾ സമുദ്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ജലസംഭരണികളുമാണ്.

എന്നാൽ, ഇത്തരം ഹിമാനികളുടെ തകർച്ചയ്ക്കോ വിസ്ഫോടനത്തിനോ ഹേതുവായേക്കാവുന്ന പലകാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഭൂകമ്പം, അതിതീവ്ര മഴ, ഹിമാനികളിലുള്ള ജലാംശംമൂലമുള്ള മർദം കൂടൽ, മഞ്ഞും ചെളിയും പാറകളും ചേർന്നുള്ള മണ്ണിടിച്ചിൽ തുടങ്ങിയവയെല്ലാം പെട്ടെന്നുള്ള ഹിമാനി വിസ്ഫോടനത്തിന് കാരണമായേക്കാവുന്ന വിവിധതരം പ്രകൃതിപ്രതിഭാസങ്ങളാണ്. കൂടാതെ, ഹിമാലയം പോലുള്ള പ്രകൃതിലോല പ്രദേശങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും നിർമാണപ്രവർത്തനങ്ങളും ഹിമാനികളുടെ സന്തുലിതാവസ്ഥയെ തകർക്കും.

എന്തായിരിക്കാം ചമോലിയിലെ റൈനിയിൽ സംഭവിച്ചത് ...

ദുരന്തമുണ്ടായ ഞായറാഴ്ച, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്‌, റൈനാ ഗ്രാമത്തിലോ പ്രാന്തപ്രദേശങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള കനത്ത മഴയോ കൊടുങ്കാറ്റോ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, ദേശീയ ഭൂകമ്പകേന്ദ്രത്തിലെ റിപ്പോർട്ടുകളിലും അന്നേദിവസം ഭൂകമ്പസാധ്യതാ പ്രദേശമായ ചമോലി ജില്ലയിലോ ഹിമാലയൻ പർവത പ്രദേശങ്ങളിലെവിടെയുമോ ഭൂചലനങ്ങൾ ഉണ്ടായതായും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തായിരിക്കാം റൈനിയിൽ സംഭവിച്ചത് ?

പൊതുവേ ആഗോളതാപനംമൂലം ധ്രുവങ്ങളിലെയും പർവതനിരകളിലെയും ധാരാളം ഹിമാനികൾ ദ്രവീഭവിച്ച്‌ ചുരുങ്ങുകയോ ഇല്ലാതായിത്തീരുകയോ ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ഉയർന്ന പർവതപ്രദേശങ്ങളിലെ, മണ്ണിടിച്ചിൽ പ്രവർത്തനത്തിന്റെ പ്രധാന പ്രേരകങ്ങളിലൊന്നാണ് ഹിമാനി ഉരുകൽ എന്നുള്ള ഈ പ്രതിഭാസം. തന്മൂലം ഗ്ലേസിയറിനെ അത് സ്ഥിതിചെയ്യുന്ന പ്രതലത്തിന്റെ ഉപരിതലവുമായി ബന്ധിപ്പിക്കുന്ന മഞ്ഞും ചെളിയും കലർന്ന പാളിയായ പെർമാഫ്രോസ്റ്റിന്റെ (permafrost) സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുകയും ഹിമാനിയുടെ വലുപ്പവും പ്രതലത്തിന്റെ ചെരിവും അനുസരിച്ച്‌ ഭീമാകാരങ്ങളായ മഞ്ഞും ചെളിയും കൂടിക്കലർന്ന മണ്ണിടിച്ചിലുകൾക്കു കാരണമായിത്തീരുകയും ചെയ്യുന്നു. അതിനാൽ, ഒരുപക്ഷേ, ഗ്ലേസിയേഴ്‌സിന്റെയും പെർഫ്രോസ്റ്റിന്റെയും സന്തുലിതാവസ്ഥയെ പരോക്ഷമായി സ്വാധീനിക്കുന്ന കാലാവസ്ഥാ വ്യതിയാനമോ അതുമല്ലെങ്കിൽ, ജലവൈദ്യുത പ്രോജക്ടുമായി ബന്ധപ്പെട്ടിട്ടുള്ള നിർമാണപ്രവർത്തനങ്ങളോ, അതിനോടനുബന്ധിച്ചു രൂപപ്പെട്ടേക്കാവുന്ന മനുഷ്യ നിയന്ത്രിത സ്ഫോടനങ്ങളും അനുബന്ധ പ്രകമ്പനങ്ങളും മേൽപ്പറഞ്ഞ മഞ്ഞുമലയിലെ മണ്ണിടിച്ചിലിനു കാരണമായിത്തീർന്നിട്ടുണ്ടാകാം. അങ്ങനെ മണ്ണിടിച്ചിലിനോടൊപ്പം തന്നെ, ഹിമാനിക്കുള്ളിലെ ജലസമ്മർദംമൂലം അവ അനിയന്ത്രിതമായി സ്ഫോടനാത്മകതയോടെ തകരുകയും ഉള്ളിലെ സംഭരണ ജലം, അതിവേഗം മലനിരയുടെ ചമോലി മേഖലയിലെ താഴ്‌വാരത്തിൽക്കൂടി ഒഴുകുന്ന അളകനന്ദ നദിയിലേക്ക് പ്രവഹിച്ച്‌, നദിയുടെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർത്താൻ കാരണമാകുകയും തന്മൂലം നദി കരകവിഞ്ഞൊഴുകി പ്രളയം രൂപപ്പെടുകയും ചെയ്തു.

• കുസാറ്റിൽ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്‌ വകുപ്പ്‌ മേധാവിയാണ്‌ ലേഖകൻ

 

Content Highlights: Landslide in glaciers reason for Uttarakhand disaster