ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങിയ യുദ്ധവിമാനം | ഫോട്ടോ: https://twitter.com/indiannavy
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഇന്ത്യന്‍ നിര്‍മിത ലഘു പോർവിമാനമായ തേജസ് പറന്നിറങ്ങിയത് പുതുചരിത്രം കുറിച്ചുകൊണ്ടായിരുന്നു. ഐഎന്‍എസ് വിക്രാന്തില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് തേജസ് ഇറക്കിയത്. എന്നാല്‍, ഇത്തരം വിമാനവാഹിനിക്കപ്പലുകളില്‍ ഒരു യുദ്ധവിമാനം ഇറക്കുന്നതിനുള്ള വെല്ലുവിളികള്‍ വളരെ വലുതാണെന്ന് മുന്‍ തേജസ് പൈലറ്റും ജെറ്റിന്റെ നാവിക വകഭേദം വികസിപ്പിക്കുന്ന ദൗത്യത്തിന് നേതൃത്വം നല്‍കിയ നാവികസേനാ കമ്മഡോറുമായ ജയ്ദീപ് മൗലങ്കര്‍ പറയുന്നു.
ഒരു ചെറുകപ്പലില്‍ പറന്നിറങ്ങുകയെന്നത് ദുഷ്‌കരമാണ്, പല ദിശകളിലേക്ക് കപ്പൽ ചലിച്ചുകൊണ്ടിരിക്കും, ജയ്ദീപ് പറഞ്ഞു. തണുപ്പുകാലങ്ങളില്‍ അറബിക്കടല്‍ ശാന്തമാണ്. എന്നാല്‍, മണ്‍സൂണ്‍ കാലത്തെ ആർത്തിരമ്പുന്ന കടലിനും അനുയോജ്യമായ രീതിയിലാണ് വിമാനം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ സ്ഥലത്ത് പറന്നിറങ്ങുക എന്നതല്ല, മറിച്ച് വ്യക്തമായ വേഗതയില്‍ വിമാനത്തിന്റെ ഒരു വശത്തും അമിത സമ്മര്‍ദമുണ്ടാക്കാതെ ലാന്‍ഡ് ചെയ്യുക എന്നതിലാണ് കാര്യം, ജയ്ദീപ് പറഞ്ഞു. കടലിലെ വലിയ പാറയിടുക്കുകള്‍ക്കിടയിലൂടെ കൃത്യമായ രീതിയില്‍ അതിവേഗത്തില്‍ പറക്കുക എന്നത് ഏറെ പ്രയാസമാണ്.
കപ്പലിന്റെ വേഗത്തിന് അനുപാതികമായുള്ള വേഗത്തിലേക്കെത്തിച്ച്, കൃത്യമായി 90 മീറ്ററിനുള്ളില്‍ ലാന്‍ഡിങ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 240 കി.മീ വേഗതയില്‍ നിന്ന് 2.5 സെക്കന്‍റിനുള്ളില്‍ പൂജ്യം വേഗതയിലേക്കെത്തിച്ചാണ് വിമാനത്തിന്റെ ലാന്‍ഡിങ് സാധ്യമാക്കുന്നത്. ഇത് അങ്ങേയറ്റം ദുഷ്‌കരമാണെന്നും പൈലറ്റുമാര്‍ക്ക് ശാരീരിക വെല്ലുവിളികളുണ്ടാക്കുന്നതാണെന്നും ജയ്ദീപ് മൗലങ്കര്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്ത് 2022 സെപ്തംബറിലാണ് കമ്മീഷന്‍ ചെയ്തത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. 2,300-ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും.
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്തിന് 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട്. 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ 7,500 മൈല്‍ ദൂരം സഞ്ചരിക്കാനുമാകും.
Content Highlights: Landing Tejas Jet On INS Vikrant Explained
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..