ലാലു പ്രസാദ് യാദവ്| Photo:PTI
റാഞ്ചി: ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ആര്.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിനെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ഇന്ന് മാറ്റിയേക്കും. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു, നിലവില്‍ റാഞ്ചിയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ലാലുവിനെ എയിംസിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലാലുവിന്റെ മകനും ആര്.ജെ.ഡി. നേതാവുമായ തേജസ്വി യാദവും മറ്റ് കുടുംബാംഗങ്ങളും നിലവില്‍ റാഞ്ചിയിലുണ്ട്. ഇവരും ലാലുവിനെ ഡല്‍ഹിയിലേക്ക് അനുഗമിച്ചേക്കും.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍വിവാദമായ കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ജാര്‍ഖണ്ഡിലെ ബിര്‍സാ മുണ്ട ജയിലില്‍ ലാലു ശിക്ഷ അനുഭവിക്കുകയാണ്.
ജയില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാകും ലാലുവിനെ എയിംസിലേക്ക് മാറ്റുക. ലാലുവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി കോടതിയുടെ അനുമതിയും ജയില്‍ അധികൃതര്‍ വാങ്ങേണ്ടതുണ്ട്.
ലാലുവിന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ലാലുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഹേമന്ത് സോറനുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായതാണെന്നും വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും തേജസ്വി പറഞ്ഞു. അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിട്ടുണ്ട്. ശ്വാസം എടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും തേജസ്വി പറഞ്ഞു.
content highlights: lalu prasad yadav likely to be shifted to delhi aiims
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..