Lalit Modi, Rahul gandhi | Photo: REUTERS, ANI
ന്യൂഡൽഹി: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബ്രിട്ടണിൽ പരാതി നൽകാനൊരുങ്ങി ലളിത് മോദി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ തെളിവ് രാഹുൽ ഗാന്ധി യു.കെ. കോടതിയിൽ നൽകേണ്ടി വരുമെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.
'ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണെന്ന് വീണ്ടും വീണ്ടും രാഹുൽ ഗാന്ധിയും സംഘവും പറയുന്നത്. എന്നാൽ എപ്പോഴാണ് തന്നെ ശിക്ഷിച്ചത്. രാഹുൽ ഗാന്ധി എന്ന പപ്പു ആയിട്ടല്ല, ഞാൻ ഇപ്പോൾ സാധാരണക്കാരനായ ഒരു പൗരൻ ആയിട്ടാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പകപോക്കൽ നടത്തുകയാണ് രാഹുൽ ഗാന്ധിക്കെതിരെ യു.കെ. കോടതിയിൽ പരാതി നൽകും. തീർച്ചയായിട്ടും എല്ലാ തെളിവുകളുമായി അദ്ദേഹം വരേണ്ടി വരും. രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുന്നു' ലളിത് മോദി ട്വീറ്റ് ചെയ്തു.
അതേസമയം ഗാന്ധി കുടുംബത്തിനടക്കം കോൺഗ്രസ് നേതാക്കൾക്ക് വിദേശത്ത് സ്വത്തുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചവരുടെ പേരും വിവരങ്ങളും ചിത്രങ്ങളും തനിക്ക് നൽകാൻ സാധിക്കുമെന്നും ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ലളിത് മോദി പറഞ്ഞു.
ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനുപിന്നാലെ ലളിത് മോദി ഇന്ത്യ വിട്ടിരുന്നു. ഇപ്പോള്‍ ലണ്ടനിലാണ് ഇയാൾ കഴിയുന്നത്.
2019-ൽ കർണാടകയിൽ വെച്ച് നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് ചേർന്ന് വരുന്നത്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. തുടർന്ന് രാഹുൽ ഗാന്ധി മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി കേസ് നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ തടവിന് സൂറത്ത് ജില്ലാ കോടതി ശിക്ഷിച്ചു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
Content Highlights: Lalit Modi decides to sue Rahul Gandhi in UK court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..