മുഹമ്മദ് ഫൈസൽ
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോകസഭാ സെക്രട്ടേറിയേറ്റാണ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫൈസലിനെ കവരത്തി കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഫൈസല്‍.
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം തടവിന് കോടതി ശിക്ഷിച്ചാല്‍ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8.2 വകുപ്പ് പ്രകാരവും ഇന്ത്യന്‍ ഭരണഘടനയുടെ 102-ാം അനുഛേദപ്രകാരവുമാണ് ഇപ്പോള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മുഹമ്മദ് ഫൈസലിന്റെ ലോകസഭാ അംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് ലോക്സഭാ സെക്രട്ടേറിയേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.
ആന്ത്രോത്ത് പോലീസ് 2009-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. മുന്‍ കേന്ദ്രമന്ത്രി പി.എം സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ലക്ഷദ്വീപ് എം.പി.യും എന്‍.സി.പി. നേതാവുമായ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എം.പി.ക്ക് അംഗത്വം നഷ്ടമാകും. മുമ്പ് മൂന്നുമാസം അപ്പീല്‍ കാലവധി അനുവദിച്ചിരുന്നു. അത് നിയമപരമായി ശരിയല്ലെന്ന് കണ്ടായിരുന്നു സുപ്രീംകോടതിവിധി. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതുമുതല്‍ ആറുവര്‍ഷത്തേക്കുകൂടി അയോഗ്യതയുണ്ടാകുമെന്നാണ് നിയമം.
Content Highlights: Lakshadweep MP Mohammed Faizal disqualified by Lok Sabha Secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..