ലഖ്‌നൗ: ലഖിംപുരില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത് നിമയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഘാസര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായേക്കുമെന്ന് കരുതിയിരുന്നയാളാണ് അനുയായികള്‍ മോനുഭയ്യ എന്ന വിളിക്കുന്ന ആശിഷ് മിശ്ര. ആശിഷ് മിശ്ര സീറ്റ് കിട്ടുമെന്ന് ഗ്രാമീണരും വിശ്വസിച്ചിരുന്നു. 

തേനി മഹാരാജ് എന്നറിയപ്പെടുന്ന ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ അധികാരം ആവോളം മകന്‍ ആശിഷ് മിശ്രയും അനുഭവിച്ചിരുന്നു. എംപി സ്റ്റിക്കര്‍ പതിച്ച എസ്.യു.വിയിലായിരുന്നു ലഖിംപുര്‍ ഖേരിയിലെ നിഘാസര്‍ പ്രദേശത്ത് ആശിഷ് മിശ്രയുടെ കറക്കം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഘാസര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായേക്കുമെന്ന് സ്വയം ഉയര്‍ത്തിക്കാണിച്ചിരുന്ന ആളാണ് ആശിഷ് മിശ്ര. മോനു ഭയ്യക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കുമെന്നും ഉറപ്പായും വിജയിക്കുമെന്നുമാണ് ആഷിഷിന്റെ അനുയായികള്‍ ഉറച്ചു വിശ്വസിക്കുന്നത്. മോനു ഭയ്യക്ക് വേണ്ടിയുള്ള ചുവരെഴുത്തുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അജയ് മിശ്രയും മകനും ചേര്‍ന്ന് ഈമാസം മൂന്നിന് സംഘടിപ്പിച്ച പരിപാടി പോലും ഒരര്‍ഥത്തല്‍ ഒരുതരം ശക്തിപ്രകടനമായിരുന്നു. തങ്ങളുടെ ശക്തി നേതൃത്വത്തെ ബോധ്യപ്പടുത്താനും അതുവഴി നിയമസഭാ സീറ്റിനുള്ള അവകാശവാദം ഉന്നയിക്കാനുമായാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മുഖ്യാഥിതിയായി ക്ഷണിച്ചുകൊണ്ട് ഇരുവരും പരിപാടി സംഘടിപ്പിച്ചത്. കേശവ് പ്രസാദ് മൗര്യയെ സ്വീകരിക്കാനായി മൂന്ന് വാഹനങ്ങളാണ് പുറപ്പെട്ടത്. ഒരു ജീപ്പു രണ്ട് എസ്.യു.വിയും. ഈ വാഹനങ്ങളാണ് കര്‍ഷകര്‍ക്ക് മേലെ ഓടിച്ചുകയറ്റിയത്. 

വാഹനത്തിലൊന്നില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നാണ് ദൃസാക്ഷി മൊഴി. എന്നാല്‍ സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണറിയുന്നത്. ഇതിനെ സാധൂകരിക്കാന്‍ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് പോലീസ് മാധ്യമങ്ങള്‍ക്കു നല്‍കുന്ന സൂചന. 

ബ്രാഹ്‌മണ വിഭാഗത്തിന് മേധാവിത്വമുള്ളതാണ് ആശിഷിന്റെ നിഘാസര്‍ മണ്ഡലം. തേനി മഹാരാജിന്റെ പാരമ്പര്യം മോനു ഭയ്യ കാത്തുസൂക്ഷിക്കുമെന്നാണ് മണ്ഡലത്തില്‍ നിന്നുള്ളവര്‍ വിശ്വസിക്കുന്നത്. മോനു ഭയ്യ നിരപരാധിയണെന്നാണ് ആശിഷ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാനായി എത്തിയപ്പോള്‍ അനുയായികള്‍ മുദ്രാവാക്യം മുഴക്കിയത്. ഈ കോലാഹലങ്ങള്‍ക്കിടയിലും ആശിഷിന് തിരഞ്ഞടുപ്പില്‍ വിജയിക്കാനാകുമെന്ന് ചിലരെങ്കിലും കരുതുന്നു. എന്നാല്‍ ബിജെപി ആശിഷിന് ടിക്കറ്റ് നല്‍കിയേക്കില്ലെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്.

Content Highlights: Lakhimpur Tragedy May Singe Ashish Mishra MLA Dreams