ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ ഉണ്ടായത് പോലുള്ള സംഭവങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കില്ലെന്ന് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ തെരുവില്‍ കര്‍ഷക സംഘടനകള്‍ക്ക് സമരം നടത്താന്‍ നിയമപരമായി സാധിക്കുമോ എന്ന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന 42 സംഘടനകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മഹാ പഞ്ചായത്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ലഖിംപുര്‍ ഖേഡിയില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്നാണ് പൊതുമുതല്‍ നശിപ്പിക്കുന്നതും, ജീവന് നഷ്ടപ്പെടുന്നതും പോലുള്ള സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരില്ലെന്ന് ജസ്റ്റിസ്മാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങളില്‍ ആരും തെരുവില്‍ പ്രതിഷേഹിക്കരുത് എന്ന് അറ്റോര്‍ണി ജനറലും, സോളിസിസ്റ്റര്‍ ജനറലും ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഉളള കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് എതിരെ കോടതിയിലെ നടപടികളും തെരുവിലെ സമരവും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. നിയമം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവര്‍ക്ക് അതേ ആവശ്യം ഉന്നയിച്ച് തെരുവില്‍ സമരം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജി ഒക്ടോബര്‍ 21 ന് പരിഗണിക്കാനായി മാറ്റി.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന റോഡ് ഉപരോധ സമരങ്ങള്‍ക്ക് എതിരായ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് 42 കര്‍ഷക സംഘടനകള്‍ക്കു നോട്ടീസ് അയച്ചത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന സംഘടനകള്‍ക്കാണ് ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
Content Highlights: Lakhimpur Kheri, When Such Events Happen, Nobody Takes Responsibility:Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..