Ashish Mishra | Photo: PTI
ലഖ്നൗ: ലഖിംപുരില്‍ കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ താന്‍ ഇല്ലായിരുന്നുവെന്ന മന്ത്രിപുത്രന് ആശിഷ് മിശ്രയുടെ മൊഴി തെറ്റാണെന്ന് ഉത്തര്‍പ്രദേശ് പോലീസ്. അക്രമം നടക്കുമ്പോള്‍ ഗുസ്തിമത്സര വേദിയിലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം തള്ളിയ പോലീസ് ആ സമയത്ത് ആശിഷ് മത്സരവേദിയില്‍ ഇല്ലായിരുന്നുവെന്നും കണ്ടെത്തി.
സംഭവം നടന്ന രണ്ടരയ്ക്കും നാല് മണിക്കും ഇടയില്‍ എവിടെയായിരുന്നുവെന്ന് തെളിയിക്കാന്‍ ആശിഷിന് കഴിഞ്ഞിട്ടില്ല. കര്‍ഷക സമരം നടക്കുന്നതിനാല്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ളവരുടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടച്ച റോഡിലൂടെ തന്നെ ആശിഷ് മിശ്രയുടെ വാഹനവും മറ്റൊരു വാഹനവും എന്തുകൊണ്ട് കടന്നുപോയെന്നുള്ള കാര്യത്തിലും വിശദീകരണം നല്കാന് ആശിഷിന് സാധിച്ചിട്ടില്ല. സമരവേദിക്ക് അടുത്തുള്ള പെട്രോള്‍ പമ്പില്‍ എസ്.യു.വി വാഹനത്തില്‍ ആശിഷ് ഇന്ധനം നിറച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം, അറസ്റ്റിലായ ആശിഷ് മിശ്രയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനു മുന്നോടിയായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. ചോദ്യം ചെയ്യലില്‍ നേരത്തേ സഹകരിക്കാതിരുന്നതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കാന്‍ യു.പി. പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ വ്യക്തത ലഭിക്കാന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് കൂടിയായ ആശിഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ.ഡി.ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടിയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയും ചോദ്യംചെയ്യലില്‍ സഹകരിക്കാതിരിക്കുകയുമാണ്.
കര്‍ഷക കൊലപാതകം വിശദീകരിക്കാന്‍ ഏഴംഗ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, ഗുലാംനബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് കാണാന്‍ അവസരം അനുവദിക്കണമെന്നാണ് ആവശ്യം.
content highlights: lakhimpur kheri violence, police reject ashish mishra's claim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..