ന്യൂഡല്‍ഹി: കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുര്‍ സംഭവം അല്‍പസയമത്തിനകം സുപ്രീംകോടതി പരിഗണിക്കും. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുക.

കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതിന് തൊട്ടുമുമ്പായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ അന്വേഷണത്തിനായി പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പ്രദീപ് കുമാര്‍ ശ്രിവാസ്തവയാകും ലഖിംപുര്‍ ഖേരി സംഭവം അന്വേഷിക്കുക. 

രണ്ടു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൊതുപ്രധാന്യം കണക്കിലെടുത്ത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് കുമാര്‍ അശ്വതി ഉത്തരവില്‍ വ്യക്തമാക്കി.

ലഖിംപുര്‍ ഖേരിയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഒരു മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ലഖിംപുര്‍ സംഭവത്തില്‍ എത്രയും വേഗം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍നിന്നുള്ള രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കുറ്റവാളികള്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് ശിക്ഷാനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷകരായ ശിവ്കുമാര്‍ ത്രിപാഠി, സി.എസ്. പാണ്ഡ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.