ലഖിംപുർ ഖേരിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ വാഹനം അഗ്നിക്ക് ഇരയാക്കിയപ്പോൾ| File Photo: ANI
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര് വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും ആണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 171 രേഖകളും, 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്. കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്നുപേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി നിഷേധിച്ചു. ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു. ആശിഷ് മിശ്ര നല്കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13-ലേക്ക് മാറ്റി.
Content Highlights: Lakhimpur kheri murder trial court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..