ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയെന്ന കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. 14 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു. 

കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പ്രോലീസ് കോടതിയെ അറിയിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യംചെയ്യല്‍ ആവശ്യമാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ആശിഷ് മിശ്രയെ 12 മണിക്കൂര്‍ പോലീസ് ചോദ്യംചെയ്തതാണെന്നും ഇനിയും എത്ര സമയമാണ് ചോദ്യംചെയ്യാന്‍ വേണ്ടതെന്നും പ്രതിഭാഗം ചോദിച്ചു. കസ്റ്റഡി അപേക്ഷയില്‍ മതിയായ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. 

എന്നാല്‍ 12 മണിക്കൂര്‍ ചോദ്യംചെയ്തിട്ടും പ്രതി മറുപടി നല്‍കിയിട്ടില്ലെന്നും ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പക്ഷേ, ഈ വാദം തെറ്റാണെന്നും തന്റെ കക്ഷി എല്ലാചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിനല്‍കിയ 40 ചോദ്യങ്ങള്‍ക്കും ആശിഷ് മിശ്ര മറുപടി നല്‍കിയതായും പ്രതിഭാഗം പറഞ്ഞു. തുടര്‍ന്നാണ് പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്. 

ലഖിംപുര്‍ ഖേരിയിലെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മന്ത്രിയുടെ മകനായതിനാല്‍ പ്രതിക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നതായും ആരോപണമുയര്‍ന്നു. ഇതിനുപിന്നാലെയാണ് ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Content Highlights: lakhimpur kheri murder case ashish mishra in police custody for three days