കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു | Photo: ANI
ന്യൂഡല്‍ഹി: ലഖിംപുര്‍ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. ലഖിംപുര്‍ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം, ഇതിനായി സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്‍ രൂപവത്കരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി എന്നിവരുള്‍പ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഖേരിയില്‍ കര്‍ഷകര്‍ നിഷ്‌കരുണം കൊല്ലപ്പെട്ടത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് നേതാക്കള്‍ രാഷ്ട്രപതിയെ അറിയിച്ചു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരേ കേന്ദ്രമന്ത്രി അജയ് മിശ്ര ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തുന്ന ദാരുണമായ സംഭവം നടന്നത്. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്നതിന് സാക്ഷികളുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരേ കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ ഉത്തര്‍പ്രദേശ് പോലീസ് ആദ്യഘട്ടത്തില്‍ തയ്യാറായില്ല- തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചത്.
പകല്‍ വെളിച്ചത്തില്‍ നടന്ന ഈ ബോധപൂര്‍വമായ കൊലപാതകങ്ങളില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ നിരുത്തരവാദപരമായ പ്രതികരണങ്ങള്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടവരില്‍ ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച കത്തില്‍ പറഞ്ഞു.
Content Highlights: Lakhimpur Kheri: Congress leaders demand dismissal of MoS Ajay Mishra, met President Kovind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..