കര്‍ഷക സഹനത്തിനുമേല്‍ പാഞ്ഞുകയറിയത് അഹന്തയുടെ ബുള്‍ഡോസർ; സര്‍ക്കാരിന് ലഖിംപുരിലും പിഴച്ചു


സ്വന്തം ലേഖകന്‍

കർഷകരുടെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന സമരക്കാർ| Photo: PTI

മീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനിടയാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രൂക്ഷമായ സമരത്തിന്റെ തീച്ചൂളയിലൂടെ രാജ്യതലസ്ഥാനം കടന്നുപോയ ഒരു വര്‍ഷത്തിനു ശേഷമാണ് പ്രധാനമന്ത്രി കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയും കൊടുംതണുപ്പും അന്തരീക്ഷ മലിനീകരണവും അടക്കമുള്ള പ്രതികൂലാവസ്ഥകളെ അതിജീവിച്ച്, അറുനൂറിലേറെ ജീവനുകള്‍ ഹോമിച്ചാണ് കര്‍ഷകര്‍ കേന്ദ്രത്തേക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്.

നിയമങ്ങള്‍ പിന്‍വലിക്കുന്നതിലേക്ക് കേന്ദ്രത്തെ കൊണ്ടെത്തിച്ചതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും, ലഖിംപുരിലെ കര്‍ഷകരുടെ കൂട്ടക്കൊല സര്‍ക്കാരിനുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതാണ്. സമവായവും പ്രലോഭനങ്ങളും ഭീഷണിയും സമരം പൊളിക്കാനുമുള്ള ശ്രമങ്ങളുമെല്ലാം പരാജയപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് കര്‍ഷക രോഷം ആളിക്കത്തിച്ചുകൊണ്ട് ലഖിംപുരില്‍ കര്‍ഷക കൂട്ടക്കൊല അരങ്ങേറുന്നത്. യുപി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് കച്ചമുറുക്കിക്കൊണ്ടിരുന്ന ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് രാജ്യമെങ്ങും പ്രചരിച്ച കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്.

ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ സമരം ചെയ്യുകയായിരുന്ന ഒരു സംഘം കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ അടക്കം എട്ടുപേരാണ് മരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് കൂട്ടക്കൊല നടത്തിയത്. സംഭവസ്ഥലത്ത് തന്റെ മകന്‍ ഇല്ലായിരുന്നെന്നും അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് മറ്റാരോ ആയിരുന്നെന്നുമൊക്കെ കേന്ദ്രമന്ത്രിയും ബിജെപിയും സംഭവത്തെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും ആശിഷ് മിശ്രയുടെ അറസ്റ്റിലെത്തി കാര്യങ്ങള്‍.

farmers protest

അജയ് മിശ്ര രാജിവെക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളും വിവാദങ്ങള്‍ക്കും ശേഷമാണ് അജയ് മിശ്രയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ലഖിംപുര്‍ സംഭവം ഉണ്ടാക്കാനിടയുള്ള രൂക്ഷ പ്രതികരണങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും തിരിച്ചറിഞ്ഞ യുപി സര്‍ക്കാർ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്യപ്പെട്ടു. ലഖിംപുര്‍ സംഭവം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതൊക്കെ.

കേസന്വേഷണത്തെ അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും യുപി സര്‍ക്കാരും പോലീസും കിണഞ്ഞ് പരിശ്രമിച്ചത് കോടതിയുടെ രൂക്ഷ പ്രതികരണത്തിനുപോലും ഇടയാക്കി. ആയിരക്കണക്കിന് ആളുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിട്ടും കേസില്‍ ആകെ 23 ദൃക്സാക്ഷികള്‍ മാത്രമേയുള്ളോയെന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചോദിച്ചു. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. അന്വേഷണം നേരയായ വഴിക്കല്ല പോകുന്നതെന്ന് ബോധ്യപ്പെട്ട കോടതി, ഒടുവില്‍ കേസ് അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുകയും ചെയ്തു.

teargas
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നു | Photo: AFP

ഒരു വര്‍ഷത്തോളം ഡല്‍ഹി അതിര്‍ത്തികളില്‍ രാജ്യത്തെ കര്‍ഷകര്‍ നടത്തിവന്നിരുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും അവരുടെ സഹനങ്ങള്‍ക്കും മേലേക്കായിരുന്നു മന്ത്രിപുത്രന്റെ അധികാരപ്രമത്ത വാഹനം പാഞ്ഞുകയറിയത്. അതുണ്ടാക്കിയ മുറിവ് ഉണങ്ങാന്‍ പ്രതീക്ഷിക്കുന്ന സമയമൊന്നും പോരെന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിക്ക് മനസ്സിലായിട്ടുണ്ടാവണം. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കോടതിയില്‍ പരാജയപ്പെട്ടത് ഉണ്ടാക്കിയ തിരിച്ചടി കൂടാതെ, കര്‍ഷകര്‍ക്കു നേര്‍ക്കുണ്ടായ നിഷ്ഠൂര ആക്രമണം നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടെന്ന് തീര്‍ച്ച.

ഐതിഹാസിക വിജയംനേടിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കെല്ലാമെന്നതുപോലെ, ബിജെപി സർക്കാരിനെ മുട്ടുകുത്തിക്കുന്നതിലേക്ക് നയിച്ച 'പെട്ടെന്നുണ്ടായ കാരണ'മായി ലഖിംപുര്‍ ഖേരി സംഭവം മാറുകയായിരുന്നു. മൃഗീയഭൂരിപക്ഷത്തിന്റെ അഹന്തയില്‍ ജനതയ്ക്കുമേല്‍ ഏകപക്ഷീയമായി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ ജനാധിപത്യം പരാജയപ്പെടുത്തുന്നതിന്റെ കാഴ്ചകൂടിയായി ഇത്. പ്രലോഭനവും ഭീഷണിയും അടിച്ചേല്‍പ്പിക്കലും അടിച്ചമര്‍ത്തലും കൊണ്ടുമാത്രം എക്കാലവും ജനവികാരത്തെ നിര്‍വീര്യമാക്കാനാകില്ലെന്ന വ്യക്തമായ സന്ദേശവുമാണ് ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്.

Content Highlights: Lakhimpur incident and withdrawal of farm laws

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented