ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നുപറഞ്ഞാല്‍ അതില്‍ അക്സായ് ചിന്നും ഉള്‍പ്പെടുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
പാകിസ്താനുമായുള്ള നിയന്ത്രണരേഖയില്‍ ഇന്ത്യ കാണിക്കുന്ന ദൃഢനിശ്ചയം ചൈനയുമായുള്ള നിയന്ത്രണ രേഖയിലും പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആത്മാഭിമാനവും രാജ്യത്തിന്റെ അവസാന ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ അത് കൂടിയേതീരൂവെന്നും രാം മാധവ് പറഞ്ഞു. ആര്.എസ്.എസ്. മുഖമാസികയായ ഓര്‍ഗനൈസറിന് നല്കിയ അഭിമുഖത്തിലാണ് രാം മാധവ് ഇക്കാര്യം പറഞ്ഞത്.
നമ്മുടെ അവകാശവാദം നിയന്ത്രണരേഖവരെയല്ല അതിനും അപ്പുറം വരെയാണ്. ജമ്മുകശ്മീര്‍ എന്നുപറഞ്ഞാല്‍ അതില്‍ പാക് അധീന കശ്മീര്‍ ഉള്‍പ്പെടും. കേന്ദ്രഭരണപ്രദേശമായ ലഡാക്കെന്ന് നാം പറഞ്ഞാല്‍ അതില്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും, അക്സായ് ചിന്നും ഉള്‍പ്പെടും- രാം മാധവ് വ്യക്തമാക്കി.
ചൈനയുമായി ഒരു യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആത്മാഭിമാനവും രാജ്യത്തിന്റെ അവസാന ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ദൃഢനിശ്ചയത്തോടെ നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ചൈന അക്രമാസക്തമായാണ് പെരുമാറുന്നതെന്ന് രാം മാധവ് പറയുന്നു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനങ്ങളാണ് ചൈനയുടെ സ്വഭാവത്തിനും കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പി. വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 'തല്‍സ്ഥിതി' എന്ന വാക്ക് പരസ്പര ധാരണകളില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ തയ്യാറാകാഞ്ഞതെന്നും രാം മാധവ് ചൂണ്ടിക്കാട്ടി.
ഇന്ത്യ എക്കാലവും സമാധാനമാണ് ആഗ്രഹിക്കുന്നത്. 1988ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത്, 1993ലെ ദേവഗൗഡയുടെയും പിന്നീട് യുപിഎ സര്‍ക്കാരുകളുടെയും കാലത്ത് ചൈനയുമായി സമാധാനമായിരുന്നു ഇന്ത്യ ആഗ്രഹിച്ചതെങ്കിലും ചൈന നമ്മെ ചതിച്ചു. അവരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്രതലത്തിലുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ നിയന്ത്രണരേഖയില്‍ ചൈനീസ് നടപടികള്‍ക്കെതിരെ യുക്തമായ മറുപടികള്‍ നല്കാന് ഇന്ത്യ തയ്യാറാകണം.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും അഭിമാനത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തോടും ഇന്ത്യ സഹിഷ്ണുതയോടെ പെരുമാറില്ലെന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ചൈനയ്ക്ക് നല്‍കിയതായും രാം മാധവ് പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവരുടെ ത്യാഗം ഒരിക്കലും വെറുതെയാകില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ പരമാധികാരവും ഐക്യവും പ്രധാനപ്പെട്ടതാണ്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോട് ശക്തമായി മറുപടി നല്കാന് ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും രാം മാധവ് വ്യക്തമാക്കി.
Content Highlights: Ladakh includes Aksai Chin: Ram Madhav drops a bomb on China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..