ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്ക് മേഖലയില്‍നിന്നും സൈനികരെ പിന്‍വലിക്കുന്നതുസംബന്ധിച്ചുള്ള 12-ാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. ഒന്‍പതു മണിക്കൂര്‍നീണ്ടുനിന്ന ചര്‍ച്ച ശനിയാഴ്ച വൈകീട്ട് 7.30-നാണ്‌ അവസാനിച്ചത്. 

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ചൈനീസ് പ്രദേശമായ മോള്‍ഡോയിലാണ് ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍നിന്നു സൈനികരെ പിന്‍വലിക്കുന്നതുസംബന്ധിച്ചാണ് ഉന്നതതല ചര്‍ച്ച നടന്നത്. സംഘര്‍ഷം തുടരുന്ന ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവടങ്ങളും ചര്‍ച്ചയില്‍ വിഷയമായി. 

മൂന്നരമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനഃരാരംഭിച്ചത്. ഏപ്രില്‍ ഒന്‍പതിനായിരുന്നു അവസാന ചര്‍ച്ച നടന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പ്രദേശമായ ചുഷൂല്‍ അതിര്‍ത്തിയിലായിരുന്നു അന്ന് ചര്‍ച്ച നടന്നത്. 

കിഴക്കന്‍ ലഡാക്കില്‍ സൈനിക സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ച പുനഃരാരംഭിച്ചത്. വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം ഇന്ത്യ അംഗീകരിക്കില്ലെന്ന് ജൂലായ് 14-ന് നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

Content highlights: ladakh conflict india china end 12th corps commander level talks