ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് പിന്‍മാറ്റം അതിവേഗത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു മണിക്കൂറിനിടയില്‍ 200 ചൈനീസ് ടാങ്കുകള്‍ നൂറു കിലോ മീറ്ററോളം പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇരുസേനകളും മേഖലയില്‍നിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. 

കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ചൈന നിര്‍മിച്ചവയാണ് പൊളിച്ചുനീക്കുന്നത്. ക്രെയിനുകളും മറ്റും ഉപയോഗിച്ച് ചൈനീസ് സൈന്യം നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേഖലയിലെ ചൈനീസ് നിര്‍മിതികളായ ഹെലിപാഡ്, ടെന്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ പൊളിച്ചുനീക്കിയിട്ടുമുണ്ട്. 

മേഖലയില്‍നിന്ന് ചൈനീസ് സൈന്യത്തിന്റെ പിന്‍മാറ്റം വളരെ വേഗതയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കുഭാഗത്തേക്കാണ് മാറുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി, അടുത്തവട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. 

അടുത്തവട്ടം വടക്കന്‍ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇവിടെ നിന്ന് പിന്മാറണമെന്ന ആവശ്യം നിരന്തരമായി ഇന്ത്യ ഉന്നയിച്ചു വരികയാണ്.

Content Highliights: ladakh- Chinese Troops Remove Tents, Walk To Waiting Trucks