ഹിമപ്പുലി | Photo: ANI
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ട് കേന്ദ്രഭരണ പ്രദേശായി മാറിയ ലഡാക്ക് പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടുന്നു. ജമ്മു കശ്മീര്‍ ഒറ്റ സംസ്ഥാനമായിരുന്ന സമയത്ത് ഹംഗുല്‍ ആയിരുന്നു ജമ്മുകശ്മീരിന്റെ സംസ്ഥാന മൃഗം. കറുത്ത കഴുത്തുളള കൊക്കായിരുന്നു സംസ്ഥാന പക്ഷി.
രാജ്യത്തെ എല്ലാ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന പക്ഷി, സംസ്ഥാന മൃഗം, സംസ്ഥാന പുഷ്പം തുടങ്ങിയ ചിഹ്നങ്ങള്‍ ഉണ്ട്. ആ പ്രദേശവുമായി ബന്ധപ്പെട്ട സസ്യ-ജന്തുജാലങ്ങളില്‍ നിന്നാണ് ഇവയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന- കേന്ദ്ര ഭരണപ്രദേശത്തെ പ്രത്യേക സസ്യജന്തുജാലങ്ങളില്‍ നിന്നാണ് ഇത് തിരഞ്ഞെടുക്കപ്പെടുക. അവ ആ പ്രദേശത്തിന്റെ സംസ്കാരത്തെയോ. ആ സംസ്ഥാന-കേന്ദ്രഭരണപ്രദേശത്തിന്റെ പ്രകൃതി അത്ഭുതങ്ങളെയോ പ്രതിനിധീകരിക്കുന്നതാകാം.ആ പ്രത്യേക സംസ്ഥാന-കേന്ദ്രഭരണപ്രദേശത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നായാണ് ഇവയെ കണക്കാക്കുക.
കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുളള കൊക്ക്. കശ്മീര്‍ താഴ്വരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി കണ്ടുവരുന്നത്. അതിനാൽ കറുത്ത കഴുത്തുളള കൊക്കിനെ ജമ്മുവിന്റെ പക്ഷിയായും ഹംഗുലിനെ ലഡാക്കിന്റെ മൃഗമായും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
പ്രാദേശിക വൈല്‍ഡ് ലൈഫ് ബോര്‍ഡ് തങ്ങളുടെ നിര്‍ദേശങ്ങള്‍ ലഡാക്ക് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ വൈല്‍ഡ് ലൈഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ വൈല്‍ഡ്ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങളുമായി ലെഫ്.ഗവര്‍ണര്‍ ആര്.കെ.മാഥുര്‍ 2020 ഡിസംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കറുത്ത കഴുത്തുളള കൊക്ക് കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയായതിനാൽ ഇതിനെ തന്നെ ലഡാക്കിന്റെ സംസ്ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. സംസ്ഥാന മൃഗമായി ഹിമപ്പുലിയെയാണ് വൈല്‍ഡ്ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങൾ തങ്ങളുടെ നിര്‍ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്.
Content Highlights:Ladak is searching for new state bird and animal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..