ഹൈദരാബാദ്: ശ്വാസതടസ്സങ്ങളുണ്ടാക്കുന്ന രോഗമായതു കൊണ്ടുതന്നെ കോവിഡ് രോഗം ഗുരുതരമായ ബാധിച്ച രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ അവശ്യഘടകമാണ്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വെന്റിലേറ്ററുകളുടെ ലഭ്യത കുറഞ്ഞു തുടങ്ങി.
വരുന്ന ആഴ്ചകളില്‍ ഇന്ത്യയ്ക്ക് 10 ലക്ഷം വെന്റിലേറ്ററുകളുടെ ആവശ്യം വരുമെന്നായിരുന്നു ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ പറഞ്ഞത്. നിലവില്‍ അന്താരാഷ്ട്ര തലത്തിലെ കോവിഡ് കേസുകളുടെ കണക്കുകള്‍ക്ക് ഹോപ്കിന്‍സ് യുണിവേഴ്‌സിറ്റി ഡാറ്റയെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഹോപ്കിന്‍സ് നിര്‍ദേശം ഗൗരവകരമാണ്. എന്നാല്‍ ലോക്ക്ഡൗണിനു മുമ്പ് വന്ന നിര്‍ദേശമായതുകൊണ്ട് ആ കണക്കുകളില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ആകെ 50,000 വെന്റിലേറ്ററുകള്‍ മാത്രമേ രാജ്യത്തുള്ളൂ എന്നാണ് ചില കണക്കുകള്‍ പറയുന്നത്. 12000വെന്റിലേറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐഐടി ബാഗ് വാള്‍വ് മാസ്‌കുകള്‍ ക്രമീകരിക്കുന്നത്.
"വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത പ്രദേശങ്ങളിലും ബാഗ് വാള്‍വ് മാസ്‌കുകള്‍ പ്രയോജനപ്പെടുത്താം. ഇവ എളുപ്പത്തില്‍ നിര്‍മ്മിക്കാനാവും. മാത്രവുമല്ല വിലയും കുറവാണ്." ഹൈദരാബാദ് ഐ.ഐ.ടി. പ്രൊഫസര്‍ ബി.എസ്. മൂര്‍ത്തി പറയുന്നു.
5000 രൂപമാത്രമാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്. നിലവിലെ മെഷീനുകള്‍ക്ക് 5 ലക്ഷം മുതല്‍ 40 ലക്ഷം വരെ രൂപ വരും. എന്നാല്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കേണ്ടവ ആയതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഇതുപയോഗിക്കാനാവില്ല. അടിയന്തര സാഹചര്യങ്ങളില്‍ അല്‍പ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ എന്ന വലിയ പരിമിതിയുണ്ടിതിന്. അതിനാല്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാതൃകയുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ഡോ. മൂര്‍ത്തി അറിയിച്ചു.
മാര്‍ച്ച് 19-ന് വെന്റിലേറ്റര്‍ കയറ്റുമതി രാജ്യം നിരോധിച്ചിരുന്നു.
content highlights: lack of ventilators during Corona Outbreak, Huderabad IIT pitches for bag valve mask