സൂറത്ത്: നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ നൂറോളം കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. അക്രമാസക്തരായ തൊഴിലാളികള്‍ ഓഫീസും വാഹനങ്ങളും തകര്‍ത്തു. 

സൂറത്ത് ഖജോദില്‍ നിര്‍മാണത്തിലിരിക്കുന്ന ഡയമണ്ട് ബോഴ്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനായി കരാറുകാര്‍ ഏര്‍പ്പെടുത്തിയ തൊഴിലാളികളാണ് ഇവര്‍. കെട്ടിട നിര്‍മാണത്തിന് ജില്ലാകളക്ടറുടെ അനുമതി ലഭിച്ചതോടെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കാന്‍ കരാറുകാര്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്നു. ഇതാണ് ഇവരെ രോഷാകുലരാക്കിയത്. 

പുറത്തുനിന്നെത്തിയവര്‍ക്ക് വൈറസ് ബാധയുണ്ടാകുമെന്ന് പറഞ്ഞ തൊഴിലാളികള്‍ പുറത്തുനിന്നുള്ളവരെ ഇവിടെ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ടാണ് തങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തത് എന്ന ചോദ്യവുമുയര്‍ത്തി. പ്രകോപിതരായ തൊഴിലാളികള്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ തകര്‍ക്കുകയും ചെയതു. 

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ശാന്തരാക്കുകയായിരുന്നു. 

സൂറത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ -1) ആര്‍പി ബറോട്ട് പറഞ്ഞു. പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: Labourers protested and pelted stones at the office of Diamond Bourse in Surat,