-
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ടുളള നിര്‍മാണ തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അതേസ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കോവിഡ് പ്രൊട്ടോക്കോളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
തൊഴിലാളികള്‍ക്ക് കരാറുകാരന് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നതിന് പ്രത്യേകം സൗകര്യങ്ങളും ഐസൊലേഷന്‍ സൗകര്യവും മറ്റു വൈദ്യസഹായങ്ങളും തൊഴിലിടത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഏപ്രില്‍ 19-ന് പുറത്തിറങ്ങിയിട്ടുളള ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം തൊഴിലാളികള്‍ തൊഴിലിടത്തില്‍ തന്നെ താമസിക്കുകയാണെങ്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് അനുവദനീയമാണെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു. തൊഴിലാളികളെ സരയ് കാലെ ഖാന് ക്യാമ്പില്‍നിന്ന് തൊഴിലിടത്തിലേക്ക് ദിവസവും കൊണ്ടുവരികയാണെന്നുളളത് തെറ്റാണ്.
ഡല്‍ഹിയില്‍ കര്‍ഫ്യൂ തുടരുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിപ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്ത് അന്യ മല്‍ഹോത്ര, സൊഹാലി ഹഷ്മി എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തൊഴിലാളികള്‍ കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് കോവിഡ് വ്യാപനം ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് അവശ്യസേവനമാകുന്നതെന്നും അവര്‍ ചോദ്യം ചെയ്തിരുന്നു.
ഹര്‍ജിയില്‍ നോട്ടീസ് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്ര ആവശ്യപ്പെട്ടു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിലേക്കായി മാറ്റി.
Content Highlights: labourers engaged with the Central Vista Project reside at the construction site, centre tells Delhi HC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..